വിമാനങ്ങള്‍ പൊട്ടിത്തെറിക്കുമെന്ന് ഭീഷണി; ഫിലിപ്പീന്‍സില്‍ 42 എയര്‍പോര്‍ട്ടുകളില്‍ സുരക്ഷ ശക്തമാക്കി

വിമാനങ്ങള്‍ പൊട്ടിത്തെറിക്കുമെന്ന് ഭീഷണി; ഫിലിപ്പീന്‍സില്‍ 42 എയര്‍പോര്‍ട്ടുകളില്‍ സുരക്ഷ ശക്തമാക്കി

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ പൊട്ടിത്തെറിക്കുമെന്ന ഭീഷണിയെതുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

രാജ്യത്തെ 42 വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഫിലിപ്പീന്‍സ് (സിഎഎപി) അറിയിച്ചു. അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച ഭീഷണികള്‍ പരിശോധിച്ചു വരികയാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

ഇ-മെയില്‍ വഴി ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനും ബാഗേജുകള്‍ നന്നായി പരിശോധിക്കാനും മുഴുവന്‍ സമയ നിരീക്ഷണം നടത്താനും എയര്‍പോര്‍ട്ട് സെക്യൂരിറ്റി മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

തലസ്ഥാനമായ മനിലയില്‍നിന്ന് ഡാവോ, ബിക്കോള്‍, പ്രശസ്ത വിനോദസഞ്ചാര മേഖലകളായ പലവാന്‍, സെബു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നാണ് എയര്‍ ട്രാഫിക് സര്‍വീസുകള്‍ക്ക് ഇ-മെയില്‍ വഴി മുന്നറിയിപ്പ് ലഭിച്ചത്. എപ്പോഴാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് സിഎപി വ്യക്തമാക്കിയിട്ടില്ല.

മനില അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളിലും പട്രോളിംഗ് വര്‍ധിപ്പിച്ചതായും കെ9 യൂണിറ്റുകളെ വിന്യസിച്ചതായും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഗതാഗത സെക്രട്ടറി ജെയിം ബൗട്ടിസ്റ്റ പറഞ്ഞു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടെന്നും യാത്രക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും ബൗട്ടിസ്റ്റ പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.