ജോലി കുട്ടികളെ നോക്കൽ; ശമ്പളം 83 ലക്ഷം രൂപ; വിവേക് രാമസ്വാമിക്ക് ആയമാരെ ആവശ്യമുണ്ട്

ജോലി കുട്ടികളെ നോക്കൽ; ശമ്പളം 83 ലക്ഷം രൂപ; വിവേക് രാമസ്വാമിക്ക് ആയമാരെ ആവശ്യമുണ്ട്

വാഷിങ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ശതകോടീശ്വരനുമായ വിവേക് രാമസ്വാമി കുഞ്ഞുങ്ങളെ നോക്കാൻ ആയയെ തേടുന്നു. പ്രതിവർഷം 83 ലക്ഷം രൂപയാണ് ശമ്പളം. അമേരിക്കയിലെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലാണ് പരസ്യം നൽകിയിരിക്കുന്നത്. വിവേക്-അപൂർവ ദമ്പതികൾക്ക് രണ്ടു ആൺമക്കളാണുള്ളത്. ഒരാൾക്ക് മൂന്നര വയസും മറ്റേയാൾക്ക് ഒരു വയസുമാണ് പ്രായം. ഇവരെ പരിചരിക്കാനാണ് ആയയെ തേടുന്നത്. രാമസ്വാമിയുടെ ഭാര്യ അപൂർവ ഡോക്ടറാണ്.

ജോലിക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 21 വയസ് പ്രായം വേണമെന്ന് പരസ്യം പറയുന്നു. കൂടാതെ കുഞ്ഞുങ്ങളെ നോക്കി പരിചയവും ഉണ്ടായിരിക്കണം. ജോലിയുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും വിശദീകരിക്കുന്നുണ്ട് പരസ്യത്തിൽ. ജോലി സമയം ആഴ്ചയിൽ 84 മുതൽ 96 മണിക്കൂർ വരെയാണ്. ആഴ്ചയിൽ ഒരു ദിവസം അവധി ലഭിക്കും.

പ്രൈവറ്റ് ജെറ്റിൽ നിരന്തരം യാത്ര ചെയ്യാൻ ആയ തയ്യാറായിരിക്കണമെന്നും ആഴ്ചയിലൊരിക്കൽ എങ്കിലും കുട്ടികൾക്കൊപ്പം യാത്ര ചെയ്യേണ്ടി വരുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. രാമസ്വാമിയുടെ കുടുംബത്തിന്റെ ഭാഗമാകാനും കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്കും വികാസത്തിനും സംഭാവന നൽകാനും അവസരം ലഭിക്കുമെന്ന് പോസ്റ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

വിവേക് രാമസ്വാമിയും കുടുംബവും തികഞ്ഞ വെജിറ്റേറിയനാണ്. ആവശ്യമെങ്കിൽ പാചകം ചെയ്യാൻ അറിയണം. തിരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുൾപ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പർ, സെക്യൂരിറ്റി എന്നിവരുൾപ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉൾപ്പെടുത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.