ന്യൂഡല്‍ഹി: പാലസ്തീന്‍ തീവ്രവാദ സംഘമായ ഹമാസിന്റെ ആക്രമണത്തിന് ഇരയായ ഇസ്രയേലിന് ഐക്യദാര്‍ഢ്യവുമായി ലോക നേതാക്കള്‍. തീവ്രവാദ ആക്രമണം ഞെട്ടിച്ചുവെന്നും ദുര്‍ഘട സമയത്ത് ഇസ്രയേലിനൊപ്പം നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി സമൂഹ എക്‌സില്‍ കുറിച്ചു.
'ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു.'- മോഡി പറഞ്ഞു.
ഇസ്രയേലിനെതിരെയുള്ള ആക്രമണം ഞെട്ടിച്ചുവെന്നും പ്രതിരോധിക്കാന്‍ അവര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ഇസ്രയേല്‍ അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും രാജ്യത്തുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റിഷി സുനക് അഭ്യര്‍ത്ഥിച്ചു.
ഇസ്രയേലിനെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇരകളോടും അവരുടെ കുടുംബങ്ങളോടും പൂര്‍ണമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും മാക്രോണ്‍ കുറിച്ചു.
ഇസ്രയേലിനൊപ്പം നില്‍ക്കുന്നതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോല്‍സും നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂട്ടും വ്യക്തമാക്കി.
ഇന്ന് രാവിലെ ആറരയോടെയാണ് ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണമുണ്ടായത്. കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഹമാസ് ഒരേസമയം ആക്രമണം നടത്തിയത്. ഇസ്രയേലിലുടനീളം മണിക്കൂറുകള്‍ക്കിടയില്‍ അയ്യായിരത്തിലധികം റോക്കറ്റുകള്‍ ഹമാസ് വര്‍ഷിച്ചു.
പിന്നാലെ ഇസ്രയേലും പ്രത്യാക്രമണം തുടങ്ങി. ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഏറ്റുമുട്ടലില്‍ ഇതുവരെ 22 ഇസ്രയേലുകാരാണ് കൊല്ലപ്പെട്ടത്. അറുനൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഹമാസിന്റെ ആക്രമണത്തെ യു.എസ് ഉക്രെയ്ന്‍, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. സംഘര്‍ഷത്തില്‍ നിന്ന് ഉടനടി പിന്‍മാറണമെന്ന് സൗദി അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.