ന്യൂഡല്‍ഹി-ടെല്‍ അവീവ് എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി.
ഇസ്രയേലിന്റെ തിരിച്ചടിയില്‍ 200 ലധികം പാലസ്തീനികള്‍ മരിച്ചു.
33 ഇസ്രയേലി സൈനികരെ ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്.
ടെല്‍ അവീവ്: പാലസ്തീന്‍ ഭീകര സംഘടന ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 100 മരണം. ഇസ്രയേല്‍ സൈനിക അധികൃതരെ ഉദ്ധരിച്ച് 'ദി ടൈംസ് ഓഫ് ഇസ്രയേല്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സമീപ കാലത്ത് ഹമാസ് ഇസ്രയേലിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും കുറഞ്ഞത് 900 ത്തിലധികം പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നും ഇതില്‍ നൂറോളം പേരുടെ നില അതീവഗുരുതരമാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും അടച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ഇന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണിതെന്ന് അധികൃതര്‍ അറിയിച്ചു.
ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷാ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്.
കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം അല്‍പമൊന്ന് പതറിയ ഇസ്രയേല്‍ പിന്നീട് തുടങ്ങിയ തിരിച്ചടിയില്‍ ഗാസയില്‍ 200 ലധികം പാലസ്തീനികള്‍ മരിച്ചതായും 1600 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഐഡിഎഫ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ഗാസയിലെ ഹമാസിന്റെ 17 സൈനിക താവളങ്ങളും നാല് ഓപ്പറേഷണല്‍ കമാന്‍ഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രയേലി വ്യോമസേന വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യോമസേന സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.
രാവിലെ ഒഫാകിം നഗരത്തിലെ സൈനിക ക്യാമ്പുകളിലേക്ക് ഇടിച്ചു കയറിയ ഹമാസ് തീവ്രവാദികള്‍ 33 ഇസ്രയേലി സൈനികരെ ബന്ദികളാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് അംഗങ്ങള്‍ ഒഫാകിം നഗരത്തില്‍ റോന്തു ചുറ്റുന്നതിന്റെയും പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിന്റെയും വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.
അതിനിടെ ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങള്‍ ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഹമാസിനെ പിന്തുണച്ച് ഇറാനും ഖത്തറും രംരത്തെത്തി. പാലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതു വരെ പാലസ്തീന്‍ പോരാളികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകന്‍ പറഞ്ഞു.
പലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്നാണ് ഖത്തറിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി. എന്നാല്‍ ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍ നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കു പുറമേ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍, ഉക്രെയ്ന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, നെതര്‍ലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെതിരെ രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.