ഗാസയെ വിജന ദ്വീപാക്കുമെന്ന് ഇസ്രയേല്‍; ബന്ദികളെ വധിക്കുമെന്ന് ഹമാസിന് പിന്നാലെ ഭീഷണിയുമായി അല്‍ ഖുദ് ബ്രിഗേഡും

ഗാസയെ വിജന ദ്വീപാക്കുമെന്ന് ഇസ്രയേല്‍; ബന്ദികളെ വധിക്കുമെന്ന് ഹമാസിന് പിന്നാലെ ഭീഷണിയുമായി അല്‍ ഖുദ് ബ്രിഗേഡും

ടെല്‍ അവീവ്: ഗാസയെ വിജന ദ്വീപാക്കുമെന്ന പ്രഖ്യാപനവുമായി ഹമാസിനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. മരണ സംഖ്യയും ഉയരുകയാണ്. ഇരുഭാഗത്തുമായി ഇതുവരെ 1700 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഗാസ മുനമ്പില്‍ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായി ഇസ്രയേല്‍ അറിയിച്ചു. ഹമാസ് തീവ്രവാദികള്‍ ശനിയാഴ്ച ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലികള്‍ക്കൊപ്പം നിരവധി വിദേശികള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഹമാസ് തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിലും വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലുകാരെ കൊലപ്പെടുത്തുമെന്ന് ഹമാസിന് പിന്നാലെ പാലസ്തീനിലെ സായുധ സംഘടന അല്‍ ഖുദ് ബ്രിഗേഡും ഭീഷണി മുഴക്കി രംഗത്തെത്തി. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ സംഘടനയാണ് അല്‍ ഖുദ് ബ്രിഗേഡ്. ഹമാസ് കഴിഞ്ഞാല്‍ ഗാസ മേഖലയില്‍ ഏറ്റവും ശക്തമായ സംഘടനയാണ് ഇത്.

'ശത്രുക്കള്‍ക്ക് ഞങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളായ സൈനികരെയും സിവിലിന്‍മാരേയും കുറിച്ച് ആശങ്കയുണ്ടെങ്കില്‍, സേഫ് ഹൗസുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സൈനികരുടെയും തടവുകാരുടെയും വിധി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോണ്‍ അരാദിന് സംഭവിച്ചതു പോലെയായിരിക്കും'- അല്‍ ഖുദ് ബ്രിഗേഡ് നേതാവ് അബു ഹംസ ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. 130 ഇസ്രയേലികള്‍ തങ്ങളുടെ തടവിലുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇസ്രയേല്‍ എയര്‍ ഫോഴ്സ് അംഗമായിരുന്ന റോണ്‍ അരാദ് 1986 ലാണ് ലബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ കയ്യില്‍ അകപ്പെടുന്നത്. 22 വര്‍ഷത്തിന് ശേഷം 2008 ലാണ് ഹിസ്ബുള്ള അരാദിനെ വധിച്ചതായി അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.