കോട്ടയം: കുവൈറ്റില്‍ നഴ്‌സായ ക്രിസ്ത്യന്‍ വീട്ടമ്മയെ പ്രണയം നടിച്ച് മതം മാറ്റി. പ്രണയക്കുരുക്കില്‍പ്പെട്ട കോട്ടയം സ്വദേശിയായ യുവതി ഭര്‍ത്താവും ബന്ധുക്കളുമറിയാതെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി നേരെ പോയത് മഞ്ചേരിയിലെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലേക്ക്. പ്രണയത്തിനും മതം മാറ്റലിനും കരുക്കള്‍ നീക്കിയത് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പി.ടി അബ്ദുള്ള എന്ന യുവാവ്. സംഭവമറിഞ്ഞ ലോക്കല്‍ പൊലിസ് കണ്ണടച്ചു. മക്കളെയും ചേര്‍ത്ത് പിടിച്ച് പരാതിയുമായി ചെന്ന ഭര്‍ത്താവിനെ പരിഹസിച്ച് പറഞ്ഞു വിട്ടു.
കോട്ടയം പാമ്പാടി പത്തനാട് സ്വദേശി പുത്തന്‍പുരയ്ക്കല്‍ പി.വി റെജിമോന്റെ ഭാര്യ മരിയ ആണ് ലൗ ജിഹാദില്‍ കുടുങ്ങി ഇപ്പോള്‍ ആബിദയായി മാറിയത്. ഇവര്‍ക്ക് ഇരുപതും പതിനഞ്ചും പതിമൂന്നും വയസുള്ള മൂന്ന് പെണ്‍കുട്ടികളുണ്ട്. കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന റെജിമോന്റെ ചെറിയ ശമ്പളം മാത്രമാണ് ഈ നാലംഗ കുടുംബത്തിന്റെ ഇപ്പോഴത്തെ ഏക വരുമാനം.
തന്റേയും മൂന്ന് പെണ്‍മക്കളുടേയും ജീവിതരേഖ മാറ്റി വരയ്ക്കപ്പെട്ട സംഭവം നാല്‍പ്പത്താറുകാരനായ റെജിമോന്‍ സീ ന്യൂസ് ലൈവിനോട് പങ്കു വച്ചു:
കോളജ് പഠന കാലത്ത് ഒരദ്ധ്യാപകന്‍ വഴിയാണ് ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏറ്റുമാനൂര്‍ തിരുവഞ്ചൂര്‍ സ്വദേശിനി ശ്രീലത എന്ന യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പത്തിലായി 1999 ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. മാതാപിതാക്കള്‍ നേരത്തേ മരിച്ചുപോയ റെജിമോന്‍ പാമ്പാടി കങ്ങഴയ്ക്കടുത്ത് പുറമ്പോക്കില്‍ വീടു വച്ചായിരുന്നു താമസം. അധികം വൈകാതെ പത്തനാട് പത്ത് സെന്റ് സ്ഥലം വാങ്ങി ചെറിയൊരു വീട് പണിതു. കള്ള് ഷാപ്പിലെ ചെറിയ പണിയും മറ്റുമായിരുന്നു വരുമാന മാര്‍ഗം.
ബിഎസ്‌സി നഴ്‌സിംഗ് പാസായ ഭാര്യ 2018 ലാണ് കുവൈറ്റില്‍ ജോലിക്ക് പോയത്. വിസ ലഭിക്കുന്നതിനും മറ്റുമായി മാര്യേജ് സര്‍ട്ടിഫിക്കറ്റ് വേണ്ടി വന്നതിനാല്‍ ഭാര്യ കുവൈറ്റിലേക്ക് പോകുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് മരിയ എന്ന പേര് സ്വീകരിച്ച് മതപരമായി വിവാഹം നടത്തിയത്. കുവൈറ്റിലെത്തിയ ഭാര്യ ആദ്യ ആറ് മാസം വരെ മുടങ്ങാതെ ശമ്പളം അയച്ചു തന്നിരുന്നതായി റെജിമോന്‍ പറഞ്ഞു.
നാട്ടില്‍ കാര്യമായ വരുമാനം ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠനത്തിനും മറ്റുമായി പിന്നീട് പണം ആവശ്യപ്പെടുമ്പോള്‍ ഒന്നിച്ച് അയച്ചു തരാം എന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെ നിലവിലുള്ള ജോലി പോരെന്നും മറ്റൊരു ജോലിയ്ക്കായി വിസ പുതുക്കുന്നതിന് 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ട പ്രകാരം തുക കടം വാങ്ങി അയച്ചു കൊടുത്തു. എന്നാല്‍ പിന്നിട് ഭാര്യയുടെ ചില സംസാരത്തില്‍ അടക്കം സംശയം തോന്നിയ റെജിമോന്‍ മിക്ക ദിവസങ്ങളിലും ഭാര്യ വെളുപ്പിന് മൂന്ന് മണിവരെ മൊബൈല്‍ ഫോണ്‍ വഴി ഓണ്‍ലൈന്‍ ചാറ്റിംഗില്‍ ഏര്‍പ്പെടുന്നതായി മനസിലാക്കി.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂട്ടുകാരുമായി വെറുതേ ചാറ്റ് ചെയ്യുകയാണന്നായിരുന്നു മറുപടി. ഇതേച്ചൊല്ലി പലവട്ടം വഴക്കുണ്ടായിട്ടുള്ളതായി റെജിമോന്‍ പറഞ്ഞു. 2020 ജനുവരി ഒന്നിനാണ് ഇരുവരും അവസാനമായി ഫോണില്‍ സംസാരിച്ചത്. മാര്‍ച്ച് അവസാനം പത്ത് ദിവസത്തെ അവധിക്ക് നാട്ടില്‍ വരാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. രണ്ടും മൂന്നും തിയതികളില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് ആ നമ്പറില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയിലുമായി.
ഭാര്യയെ ഫോണില്‍ കിട്ടാത്തതിന്റെ ടെന്‍ഷനില്‍ റെജിമോന്‍ നെട്ടോട്ടമോടുമ്പോള്‍ ഭര്‍ത്താവും ബന്ധുക്കളുമറിയാതെ ജനുവരി നാലിന് മരിയ നാട്ടില്‍ വിമാനമിറങ്ങി. പിറ്റേന്നു തന്നെ മഞ്ചേരിയിലെ മതപഠന കേന്ദ്രത്തിലെത്തി. പതിനഞ്ച് ദിവസം കഴിഞ്ഞ് ഭാര്യയുടെ ഒരു കൂട്ടുകാരി പറഞ്ഞപ്പോഴാണ് ഭാര്യ നാട്ടിലെത്തിയ വിവരം റെജിമോന്‍ അറിയുന്നത്. അപകടം മനസിലാക്കിയ അദ്ദേഹം പാമ്പാടി പൊലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പക്ഷേ, നടപടിയെടുക്കാന്‍ പൊലിസ് തയ്യാറായില്ല. പിന്നീട് കറുകച്ചാല്‍ പൊലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
അവസാനം കോട്ടയം ജില്ലാ പൊലിസ് സൂപ്രണ്ടിന് നേരിട്ട് പരാതി നല്‍കി. തുടര്‍ന്ന് മഞ്ചേരിയിലെ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ നിന്നും പൊലിസ് വിളിച്ചു വരുത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോകുന്നില്ലെന്നും തിരുവഞ്ചൂരില്‍ അമ്മയോടൊപ്പം താമസിച്ചുകൊള്ളാമെന്നും പറഞ്ഞതനുസരിച്ച് യുവതിയെ അപ്രകാരം എസ്പി ഓഫീസില്‍ നിന്നും പറഞ്ഞയച്ചു. അന്ന് തന്റെ ഭാര്യയ്‌ക്കൊപ്പം സുരക്ഷയൊരുക്കി ഇരുപത്തഞ്ചോളം പേര്‍ ഉണ്ടായിരുന്നതായി റെജിമോന്‍ പറഞ്ഞു.
ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം റെജിമോന്‍ ഭാര്യയെ കൂടെ കൂട്ടിക്കൊണ്ടു വരാമെന്ന പ്രതീക്ഷയില്‍ തിരുവഞ്ചൂരിലെത്തി. എന്നാല്‍ അവര്‍ കൂടെ പോന്നില്ലെന്നു മാത്രമല്ല ഭര്‍ത്താവുമായി കലഹമുണ്ടാക്കുകയും ചെയ്തു. ഇതിനിടെ അബദ്ധത്തില്‍ താഴെ വീണ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ റെജിമോന്‍ കൈക്കലാക്കി. വീട്ടിലെത്തി ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ പൂര്‍ണമായും ബോധ്യപ്പെട്ടത്.
ജോലി ഉപേക്ഷിച്ചുള്ള ഭാര്യയുടെ വരവിനും മഞ്ചേരിയിലെ ഇസ്ലാം മതപഠന കേന്ദ്രത്തില്‍ എത്തിയതിനും പിന്നില്‍ കൊണ്ടോട്ടിക്കാരനായ പി.ടി അബ്ദുള്ളയായിരുന്നു. സ്വന്തമായി സ്ഥലവും വീടും പണവും പുതിയ ജീവിതവുമെല്ലാം വാഗ്ദാനം ചെയ്തായിരുന്നു മതം മാറ്റിയത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ചിലരുടെ സഹായവും അബ്ദു എന്നു വിളിക്കുന്ന അബ്ദുള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്.
പിന്നീട് ഫെയ്‌സ് ബുക്കില്‍ നിന്നും അഡ്രസും ഫോണ്‍ നമ്പറും തപ്പിയെടുത്ത് അബ്ദുള്ളയെ വിളിച്ചു. ആദ്യം നിക്ഷേധിച്ചെങ്കിലും വാട്‌സ് ആപ്പിലൂടെ ഇരുവരും പരസ്പരം കൈമാറിയ സന്ദേശങ്ങളും ചില ഫോട്ടോകളും അയച്ചു കൊടുത്തപ്പോള്‍ അബ്ദുള്ളയ്ക്ക് ഉത്തരം മുട്ടി. തുടര്‍ന്ന് പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും അബ്ദുള്ള ഫോണെടുക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
തന്റെ ഭാര്യ ഇപ്പോള്‍ തിരുവഞ്ചൂരിലെ വീട്ടില്‍ ഇല്ലെന്നും ആബിദ എന്ന പേരില്‍ മറ്റെവിടെയോ മുസ്ലീമായി ജീവിക്കുകയാണന്നും റെജിമോന്‍ പറഞ്ഞു. അബ്ദുള്ളയെപ്പറ്റിയും അയാളുടെ പണമിടപാടുകളെപ്പറ്റിയും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് പരാതി കൊടുത്തെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല.
എന്നാലും പൊലിസ് അന്വേഷിച്ച് സംഭവത്തിന് പിന്നിലെ കാണാച്ചരടുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് റെജിമോനും മൂന്ന് പെണ്‍മക്കളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.