തിരുവനന്തപുരം: നമുക്ക് ഒരു പ്രധാനമന്ത്രിയെ വേണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങളിലൊന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അവര്‍ വിമര്‍ശിച്ചു.
''വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെവച്ച് പ്രസ്താവന നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി ഒരു പത്രസമ്മേളനം നടത്തി രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. നമുക്ക് ഒരു പ്രധാനമന്ത്രിയെ വേണം, അല്ലാതെ എന്തുപറയാന്‍'' -അരുന്ധതി റോയ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് 'സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി.
2024-ല്‍ പ്രതീക്ഷയുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോര്‍പ്പറേറ്റും എന്ന രീതിയില്‍ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ.
ജനങ്ങളെ അനുസരണാ ശീലരാക്കുകയെന്നതാണ് പുതിയ രീതി. ചോദ്യങ്ങള്‍ ഉണ്ടാകുകയെന്നതാണ് ഒരു ജനാധിപത്യ രാജ്യത്തില്‍ പ്രാഥമികമായി ഉണ്ടാകേണ്ടത്. അറിയാനും ചോദിക്കാനും അനുമതിയില്ലാതാകുന്ന സ്ഥിതിയാണ് സംഭവിക്കുന്നത്. ആ നിഷേധമാണ് ദേശ വിരുദ്ധതയെന്നും അരുന്ധതി പറഞ്ഞു.
ജാതീയമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കേരളത്തിലടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്നു. ജാതി ഐക്യവും സമത്വവും സാഹോദര്യവും ഇല്ലാതാക്കുന്ന ഒന്നാണ്. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ പത്ത് ശതമാനം പോലും അധികാര സംവിധാനത്തിന്റെ ഭാഗമാകുന്നില്ല. ജാതി സെന്‍സസ് നടക്കുമ്പോള്‍ ശരിയായ കാര്യം അറിയാനാകുമെന്നും അരുന്ധതി പറഞ്ഞു.
ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന പ്രശ്‌നം കടന്നുകയറ്റുമാണ്. പക്ഷം പിടിച്ച് തര്‍ക്കത്തിന്റെ ആഴം കൂട്ടാനാണ് എല്ലാ കാലത്തും ശ്രമം നടന്നിട്ടുള്ളത്. കടന്നു കയറ്റത്തിന് സഹായം നല്‍കുന്ന നിലപാടാണ് യു.എസ് സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഫാദര്‍ ഫെഡറിക് പ്രകാശുമായുള്ള സംഭാഷണത്തിലും സദസിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് അരുന്ധതി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
പിന്നീട് നടന്ന പൊതുപരിപാടി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. പോള്‍ തേലക്കാട്ട് അധ്യക്ഷത വഹിച്ചു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സി.പി.ഐ. ദേശീയ നിര്‍വാഹക സമിതി അംഗം കെ. പ്രകാശ് ബാബു, ആര്‍. അജയന്‍, കെ.ജി താര, ഡോ. ലിസ്ബ യേശുദാസ്, പി.കെ വേണുഗോപാല്‍, പാളയം ഇമാം ഡോ. വി.പി ഷുഹൈബ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.