തിരുവനന്തപുരം: ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്. അത്തരം കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നിലവില്‍ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്‌കൂള്‍ കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ കൗണ്‍സിലിങ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൗണ്‍സിലിങ് റൂം നിര്‍ബന്ധമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടൈപ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ വിദ്യാലയങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സജീവമായ ഇടപെടല്‍ നടത്തണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹ ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ പരിചരിക്കാന്‍ സംവിധാനമില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കമ്മീഷന്‍ സിറ്റിങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടികള്‍ അധ്യാപകരുമായി കൂടുതല്‍ സമയം ചെലവിടുന്നതിനും കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്‍കി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ എല്‍പി മുതല്‍ ഹൈസ്‌കൂള്‍ തലം വരെ 66029 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. സാമൂഹിക സുരക്ഷാ മിഷന്റെ കൈപ്പുസ്തകമായ 'മിഠായി'യുടെ അടിസഥാനത്തിലാണ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്. പാഠ്യ പദ്ധതിയില്‍ ടൈപ്പ് വണ്‍ പ്രമേഹം സംബന്ധിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.