2035 ല്‍ ബഹിരാകാശ നിലയം, 2040 ല്‍ ഇന്ത്യന്‍ യാത്രികര്‍ ചന്ദ്രനില്‍; ഐഎസ്ആര്‍ഒയ്ക്ക് മുന്നില്‍ പുതിയ പദ്ധതികള്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി

2035 ല്‍ ബഹിരാകാശ നിലയം, 2040 ല്‍ ഇന്ത്യന്‍ യാത്രികര്‍ ചന്ദ്രനില്‍; ഐഎസ്ആര്‍ഒയ്ക്ക് മുന്നില്‍ പുതിയ പദ്ധതികള്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ന്റെയും ആദിത്യ എല്‍ 1 ന്റെയും വിജയക്കുതിപ്പുമായി മുന്നേറുന്ന ഐഎസ്ആര്‍ഒയ്ക്ക് മുന്നില്‍ പുതിയ ബഹിരാകാശ പദ്ധതികള്‍ മുന്നോട്ടു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2035 ഓടെയും ഇന്ത്യന്‍ യാത്രികരെ ചന്ദ്രനിലെത്തിക്കുന്നത് 2040 ഓടെയും യാഥാര്‍ഥ്യമാകണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ശുക്രന്‍, ചൊവ്വ എന്നിവ ഉള്‍പ്പെടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് അഭ്യര്‍ഥിച്ചു.

ഗഗന്‍യാന്‍ ദൗത്യത്തിന്റെ അവലോകനത്തിനും ഭാവി ബഹിരാകാശ പര്യവേഷണ പരിപാടികള്‍ക്ക് രൂപം നല്‍കാനുമായി ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ പുതിയ ലക്ഷ്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലായി മാറാന്‍ പോകുന്ന ഗഗന്‍യാന്‍ ദൗത്യം 2025 ഓടെ യാര്‍ഥ്യമാക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

ഇന്ത്യക്കാരെ സ്വന്തം മണ്ണില്‍ നിന്ന് ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തെക്കുറിച്ചുള്ള സമഗ്ര വിവരം ബഹിരാകാശ വകുപ്പ് യോഗത്തില്‍ അവതരിപ്പിച്ചു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആളില്ലാ പേടക പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയെന്നത് നിരവധി പ്രതിബന്ധങ്ങള്‍ കടന്ന് എത്തിച്ചേരേണ്ട ലക്ഷ്യമാണെന്നാണ് ഐഎസ്ആര്‍ഒ അവതരിപ്പിച്ച വിശദമായ പദ്ധതി വ്യക്തമാക്കുന്നത്. മനുഷ്യരെ സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയുന്ന വാഹനം യാഥാര്‍ഥ്യമാക്കുകയാണെന്നതാണ് ഇക്കാര്യത്തില്‍ ആദ്യ പടി.

ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായി ഇരുപതോളം വ്യത്യസ്ത പരീക്ഷണങ്ങള്‍ വിജയകരമാക്കേണ്ടതുണ്ട്. ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ (എച്ച് എല്‍ വി എം3) മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

ദൗത്യം പരാജയപ്പെടുകയാണെങ്കില്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിയുന്ന ക്രൂ എസ്‌കേപ്പ് സംവിധാനം യാഥാര്‍ഥ്യമാക്കുകയാണ് ഈ പരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനുള്ള നാല് ഫ്‌ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതിന് സജ്ജമായിരിക്കുകയാണ് ഐഎസ്ആര്‍ഒ. 21 ന് രാവിലെ ഏഴ് മുതല്‍ ഒന്‍പത് നീളുന്നതാണ് ഈ പരീക്ഷണം.

 വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍

ബഹിരാകാശത്തേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അതിനുപയോഗിക്കുന്ന സാങ്കേതിക സന്നാഹങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതാണ് ഈ ദൗത്യം. യാത്രികര്‍ ഇരിക്കുന്ന ക്രൂ മൊഡ്യൂളുമായി കുതിച്ചുയരുന്ന റോക്കറ്റ് യാത്ര പകുതിയില്‍ വച്ച് അവസാനിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കും. ഈ സാഹചര്യത്തെ സ്വാഭാവികമായി ക്രൂ എസ്‌കേപ്പ് സംവിധാനം കൈകാര്യം ചെയ്ത് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

റോക്കറ്റ് 17 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോഴായിരിക്കും യാത്രികരെ തിരിച്ചിറക്കാനുള്ള പ്രക്രിയ ആരംഭിക്കുക. റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം സുരക്ഷിത അകലത്തിലേക്ക് മാറും. തുടര്‍ന്ന് അതില്‍ നിന്ന് യാത്രികര്‍ ഇരിക്കുന്ന ക്രൂ മൊഡ്യൂള്‍ വേര്‍പെടുകയും കടലില്‍ പതിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യും.

പാരച്യൂട്ടുകളുടെ സഹായത്താടെ വേഗം നിയന്ത്രിച്ചാണ് ക്രൂ മൊഡ്യൂള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിക്കുക. തുടര്‍ന്ന് ക്രൂ മൊഡ്യൂളിനെ നാവിക സേനയുടെ കപ്പലിന്റെയും ഡൈവിങ് സംഘത്തിന്റെയും സഹായത്തോടെ വീണ്ടെടുക്കും.

എന്താണ് ഗഗന്‍യാന്‍?


മൂന്ന് പേര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബഹിരാകാശ യാത്രാ സംഘത്തെ 400 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ക്രൂ മൊഡ്യൂളില്‍ മൂന്ന് ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തുന്ന യാത്രികരെ തിരികെ കടലില്‍ സുരക്ഷിതമായി ഇറക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യാത്രികരെ കരയില്‍ തിരിച്ചിറക്കാനുള്ള സംവിധാനം നിലവില്‍ ഇന്ത്യയ്ക്ക് ഇല്ല. അതിനാലാണ് കടലില്‍ ഇറക്കുന്നത്.

ഈ പരീക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് മനുഷ്യരെ വഹിക്കാന്‍ കഴിയുന്ന സുരക്ഷിത വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കണം. ഭൂമിയിലേതുപോലുള്ള സാഹചര്യം നിലനിര്‍ത്താന്‍ ആവശ്യമായ ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങള്‍ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ ക്രൂ അംഗങ്ങള്‍ക്ക് തിരിച്ചിറങ്ങാനാവശ്യമായ പരിശീലനവും നല്‍കണം.

ഗഗന്‍യാന്‍ പദ്ധതി വിജയിച്ചാല്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രജ്യമാകും ഇന്ത്യ.

ബഹിരാകാശ, ഗ്രഹാന്തര രംഗങ്ങളിലെ ഭാവി ദൗത്യങ്ങളുടെ കാര്യത്തില്‍ പുതിയ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതിന് ബഹിരാകാശ വകുപ്പ് രൂപ രേഖ തയാറാക്കുമെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചന്ദ്രയാന്‍ ദൗത്യങ്ങളുടെ പരമ്പര, പുതു തലമുറ വിക്ഷേപണ വാഹനം (എന്‍ജിഎല്‍വി), പുതിയ വിക്ഷേപണത്തറയുടെ നിര്‍മാണം തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.