അണഞ്ഞു പോകാത്ത വിപ്ലവത്തിന്റെ തീയോര്‍മ... സമര പോരാട്ടങ്ങളുടെ തീക്കനലുകള്‍ നെഞ്ചിലേറ്റിയ കരുത്തനായ കമ്യൂണിസ്റ്റ്... പ്രായം തളര്‍ത്താത്ത വിപ്ലവ യൗവ്വനം... തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന ശക്തനായ സഖാവ്...
കൊടിയുടെ നിറം നോക്കാതെ തൊഴിലാളികളെയും സാധാരണക്കാരെയും എന്നും ചേര്‍ത്ത് നിര്‍ത്തിയ നേതാവ്... തനിക്ക് ശരിയെന്ന് ബോധ്യപ്പെടുന്നതില്‍ അടിയുറച്ച് നിന്ന കാര്‍ക്കശ്യക്കാരന്‍... അപ്പോഴും സങ്കടക്കാഴ്ചകളില്‍ കരളലിയുന്ന മനുഷ്യ സ്‌നേഹി... ഇതൊക്കെയായിരുന്നു വി.എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.
പാര്‍ട്ടിക്ക് പിഴച്ചു പോയെന്ന തോന്നലുണ്ടായപ്പോഴെല്ലാം തന്റെ വ്യത്യസ്തമായ നിലപാടുകളിലൂടെ ഒരു തിരുത്തല്‍ ശക്തിയായി അദേഹം നില കൊണ്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964 ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരെയുള്ള എത്രയോ സന്ദര്‍ഭങ്ങളില്‍ നാമത് കണ്ടു.
നാല്‍പതുകളിലെ ഫ്യൂഡല്‍-കൊളോണിയല്‍ കാലം മുതല്‍ 2014 ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ എല്ലാ ചൂഷിത വ്യവസ്ഥകളോടും വിട്ടുവീഴ്ചയില്ലാതെ പൊരുതി കേരള ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി മാറി വി.എസ്.
പലപ്പോഴും പാര്‍ട്ടി നിലപാടുകളെ തള്ളിപ്പറയുകയും ചിലപ്പോഴെല്ലാം വെല്ലുവിളിക്കുകയും ചെയ്ത് ശിക്ഷാ നടപടികള്‍ ഏറ്റു വാങ്ങിയപ്പോഴും വി.എസിന്റെ കരുത്ത് 'കണ്ണേ... കരളേ... വി.എസേ' എന്ന് ആര്‍ത്ത് വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും മനസ് തുറന്ന് സ്‌നേഹം പങ്ക് വച്ചു നല്‍കിയ സാധാരണ ജനങ്ങളുമായിരുന്നു.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും വി.എസിനെ മുഖ്യമന്ത്രിയാക്കുന്നതിന് പാര്‍ട്ടിയിലെ വിഭാഗീയത നേരിയ തടസമായി. പക്ഷേ, പാര്‍ട്ടി അണികളില്‍ നല്ലൊരു ഭാഗവും വി.എസ് മുഖ്യമന്ത്രിയാകണമെന്ന നിലപാടുള്ളവരായിരുന്നു. അവസാനം സിപിഎം നേതൃത്വത്തിന് വഴങ്ങേണ്ടി വന്നു.
പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ആദ്യം പാര്‍ട്ടി വി.എസിന് സീറ്റ് നിഷേധിച്ചു. അപ്പോള്‍ തങ്ങളുടെ പ്രിയ നേതാവിന് വേണ്ടി തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ കണ്ട് എതിര്‍ ചേരിയിലുള്ളവര്‍ അമ്പരന്നു പോയി.
പ്രവര്‍ത്തകരുടെ പരസ്യ പ്രകടനവും ചുമരെഴുത്തുമെല്ലാം അവഗണിച്ച് മുന്നോട്ട് പോകാന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല. ഒടുവില്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് വി.എസ് നിയമസഭയിലെത്തിയത്. അതായിരുന്നു വി.എസ് അച്യുതാനന്ദന് പാര്‍ട്ടി അണികള്‍ക്കിടയിലുണ്ടായിരുന്ന പത്തരമാറ്റ് സ്വാധീനം.
നാലാം വയസില്‍ അമ്മയേയും പതിനൊന്നാം വയസില്‍ അച്ഛനേയും നഷ്ടപ്പെട്ട വി.എസ് കടുത്ത ദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതായിരുന്നു തന്റെ പോരാട്ട ജീവിതം. പിന്നീട് സമരം തന്നെ ജീവിതമായി ആ സഖാവിന്.
സമര ധന്യമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ കനലെരിഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്, കണ്ണീരണിഞ്ഞവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ജനപ്രിയ നേതാവേ... ധീര സഖാവേ... ലാല്‍ സലാം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.