ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു; ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

 ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു; ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ പത്തിനാണ് വിക്ഷേപിച്ചത്.

17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂ മൊഡ്യൂള്‍ വേര്‍പെട്ട് കടലില്‍ പതിച്ചു. റോക്കറ്റില്‍ നിന്നും വേര്‍പെട്ട് കടലില്‍ പതിച്ച ക്രൂ മൊഡ്യൂള്‍ നാവികസേന വീണ്ടെടുക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ്. സോമനാഥ് വ്യക്തമാക്കി. ഒന്‍പത് മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്.

മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഗഗന്‍യാന്‍ പദ്ധതി ലക്ഷ്യമിടുന്നത്. നേരത്തെ വിക്ഷേപണത്തിനു അഞ്ച് സെക്കന്‍ഡ് മാത്രമുള്ളപ്പോള്‍ നിര്‍ത്തി വച്ചിരുന്നു. ഇന്ന് വിക്ഷേപണം ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. എന്‍ഞ്ചിന്‍ ഇഗ്നീഷ്യന്‍ നടക്കാത്തതിനെ തുടര്‍ന്നു വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നുമായിരുന്നു ഐഎസ്ആര്‍ഒ തലവന്‍ എസ്. സോമനാഥ് വ്യക്തമാക്കിയത്. തകരാര്‍ കണ്ടെത്തി പരിഹരിച്ചാണ് ഇന്ന് വീണ്ടും വിക്ഷേപണം നടത്തിയത്.

ഇന്ന് രാവിലെ ഏഴിന് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ പലതവണ നിര്‍ത്തിവെച്ചിരുന്നു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി.

ടിവിഡി-1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള 'ക്രൂ എസ്‌കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കുന്നത്. പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് 'ക്രൂ എസ്‌കേപ്പ് സിസ്റ്റം'. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കുന്നതിനെയാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നു പറയുന്നത്. ഇതിന്റെ കൃത്യതയാണ് ഇന്ന് പരിശോധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.