ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു കൂറ്റന്‍ ജയം. ആദ്യം ബാറ്റു ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സിന്റെ കൂറ്റന്‍ ജയം.

കൂറ്റന്‍ ജയം ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ അവസാനം ആഞ്ഞടിച്ച വാലറ്റമാണ് വലിയ നാണക്കേടില്‍ നിന്നു ഇത്തിരിയെങ്കിലും രക്ഷിച്ചത്.

മാര്‍ക്ക് വുഡ് 43 റണ്‍സെടുത്തു ടോപ്‌സ്‌കോററായി. ഗസ് അതിക്‌സണ്‍ 35 റണ്‍സെടുത്തു. ഇരുവരും എട്ടാം വിക്കറ്റില്‍ സ്ഥാപിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ നില അല്പമെങ്കിലും മെച്ചപ്പെടുത്തിയത്.

പതിനൊന്നാമന്‍ റീസി ടോപ്ലി ബാറ്റ് ചെയ്യാനെത്തിയില്ല. 84ന് ഏഴ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 170ല്‍ എത്തിയത്. ഗെറാല്‍ഡ് കോയിറ്റ്സെ മൂന്ന് വിക്കറ്റും ലുങ്കി എന്‍ഗിഡി മാര്‍ക്കോ ജാനേസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, ഹെന്റിച്ച് ക്ലാസന്റെ (109) സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. റീസ ഹെന്‍ഡ്രിക്‌സ് (85), മാര്‍ക്കൊ യാന്‍സണ്‍ (75), വാന്‍ ഡെര്‍ ഡൂസന്‍ (60) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

അവസാന പത്തോവറില്‍ ആഞ്ഞടിച്ച ക്ലാസന്‍ യാന്‍സണ്‍ സഖ്യം കൂട്ടിച്ചേര്‍ത്തത് 151 റണ്‍സാണ്. 61 പന്തില്‍ മൂന്നക്കം കടന്ന ക്ലാസന്‍ അവസാന ഓവറിലാണ് പുറത്തായത്. യാന്‍സണ്‍ ആറ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 75 റണ്‍സെടുത്തു. 42 പന്തുകളില്‍ നിന്ന് യാന്‍സണ്‍ 75 റണ്‍സ് അടിച്ചുകൂട്ടിയത്. ഹെന്‍ഡ്രിക്‌സ് 75 പന്തില്‍ 85 റണ്‍സെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.