ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കമ്മീഷന്റെ നിലപാട്.
കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നതായി തുറന്നു പറഞ്ഞ കമ്മീഷന്‍, ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ലെന്നും വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അറിയിച്ചു.
രാഹുല്‍ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ, പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ ഒരു വോട്ടും നീക്കം ചെയ്യാന്‍ സാധിക്കില്ല.
2023 ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില വിഫല ശ്രമങ്ങള്‍ നടന്നിരുന്നു. ഈ വിഷയം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരികള്‍ തന്നെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 6018 പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാഹുല്‍ ഗാന്ധി ആക്ഷേപമുന്നയിച്ചു. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.
'കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023 ലെ തിരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6018 ലും വളരെ കൂടുതലാണ്. എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു. വളരെ യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടത്.
അവിടുത്തെ ബൂത്ത് ലെവല്‍ ഓഫീസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആരാണ് തന്റെ അമ്മാവന്റെ വോട്ട് നീക്കം ചെയ്തതെന്ന് അവര്‍ പരിശോധിച്ചു, അപ്പോഴാണ് ഒരു അയല്‍വാസിയാണ് അത് ചെയ്തതെന്ന് അവര്‍ കണ്ടെത്തിയത്.
അവര്‍ അയല്‍വാസിയോട് ചോദിച്ചപ്പോള്‍ താന്‍ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. വോട്ട് നീക്കം ചെയ്‌തെന്ന് പറയുന്ന ആള്‍ക്കോ, വോട്ട് നഷ്ടപ്പെട്ട ആള്‍ക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു' -രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.