ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍. ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യണമെന്ന് ആവര്‍ത്തിച്ച ഇസ്രയേലി സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി ഹമാസിനെതിരായ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വ്യോമാക്രമണം ശക്തമാക്കുന്നതെന്നും പറഞ്ഞു.
കരയുദ്ധത്തിനായി ഗാസയിലേക്ക് കടക്കുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് വ്യോമാക്രമണം ശക്തമാക്കുന്നതെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.
അതിനിടെ രക്തച്ചൊരിച്ചില്‍ പരമാവധി ഒഴിവാക്കുന്നതിനായി കരയുദ്ധം വൈകിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തി വരുന്നത്. ഇരുനൂറിലധികം ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുമെന്നതിനാലാണിത്.
രണ്ട് അമേരിക്കന്‍ വനിതകളെ ഹമാസ് വിട്ടയച്ചതിനു പിന്നാലെയാണ് അമേരിക്കയും ബ്രിട്ടനുമടക്കം അനുനയ നീക്കവുമായി രംഗത്തെത്തിയത്. സഖ്യകക്ഷിയെന്ന നിലയില്‍ കരയുദ്ധം പാടില്ലെന്ന് ഇസ്രയേലിനോട് പറയാനാകില്ലെങ്കിലും വൈകിപ്പിക്കാനാകുമെന്നാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്.
കരയുദ്ധം തുടങ്ങുന്നത് ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ളയെ പ്രകോപിപ്പിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ വടക്കന്‍ ഇസ്രയേലും സംഘര്‍ഷ ഭരിതമാകും. അതേസമയം ഹിസ്ബുള്ളയ്ക്ക് ഇസ്രയേലിനു നേരെ പൂര്‍ണതോതിലുള്ള യുദ്ധത്തിന് താല്‍പര്യമില്ലെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.
അതിനിടെ മരുന്നുകളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പുതപ്പുകളുമായി ട്രക്കുകള്‍ ഗാസയിലെത്തിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ കടത്തി വിടുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി അറിയിച്ചിരുന്നു. ഒരാഴ്ചയിലധികം നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കും മധ്യസ്ഥങ്ങള്‍ക്കുമൊടുവിലായിരുന്നു തീരുമാനം.
എന്നാല്‍, വ്യോമാക്രമണത്തില്‍ അതിര്‍ത്തിപ്രദേശത്തെ റോഡുകള്‍ തകര്‍ന്നതിനാല്‍ സഹായമെത്തിക്കുന്നത് വൈകുകയായിരുന്നു. റോഡുകളില്‍ റോക്കറ്റുകള്‍ പതിച്ചും മറ്റും രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ താല്‍കാലികമായി അടച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.