ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഗാസ അതിര്‍ത്തിയിലെ സൈനിക ക്യാമ്പ് സന്ദര്‍ശിച്ചു.
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധത്തിനൊരുങ്ങുന്നു എന്ന സൂചന ശക്തമാകവേ ഗാസയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയെത്തി ഇസ്രായേല്‍ സൈന്യം ക്യാമ്പ് ചെയ്യുന്നതായി വിദേശ മാധ്യമങ്ങള്‍. അനുമതി ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഗാസയിലേക്ക് കടന്നു കയറി ആക്രമണം നടത്താന്‍ സൈന്യം സര്‍വ്വ സജ്ജമായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കരയുദ്ധത്തില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഗാസ മുനമ്പില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് അതില്‍ പതിയിരിക്കുന്ന ഹമാസ് തീവ്രവാദികളെ പൂര്‍ണമായും വകവരുത്താന്‍ കരയുദ്ധം ആവശ്യമാണെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. കരയുദ്ധം തുടരുന്ന സമയത്തും ഹമാസിന്റെ താളവങ്ങളില്‍ വ്യോമാക്രമണം നടത്തുമെന്ന് വ്യോമ സേന വൃത്തങ്ങള്‍ പറഞ്ഞു.
ഗാസയില്‍ താമസിക്കുന്നവരോട് അവിടം വിട്ടു പോകാന്‍ ഇസ്രയേല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമായിരിക്കും കരയുദ്ധമെന്നും നിര്‍ദേശം അവഗണിച്ച് അവിടെ തുടരുന്നവരെ ഹമാസ് അംഗങ്ങളായി കണക്കാക്കി ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ അന്ത്യശാസനം അവഗണിക്കണമെന്ന ആഹ്വാനവുമായി ഹമാസ് രംഗത്തെത്തി.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാനൂറോളം പേര്‍ മരിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മറുപടിയായി ഹമാസും ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം തുടരുകയാണ്. ഗാസാ മുനമ്പിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഇസ്രയേല്‍ ഒഴിപ്പിച്ചിട്ടുണ്ട്.
ഗാസക്കെതിരെയുള്ള സൈനിക നടപടികള്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തോളം തുടര്‍ന്നേക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഇന്ന് വ്യക്തമാക്കി. അവസാനം ഹമാസ് ഉണ്ടായിരിക്കില്ലെന്നും അദേഹം പറഞ്ഞു. ഇസ്രയേല്‍ വ്യോമ സേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്തിയ ശേഷമായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം.
പ്രതിരോധ സേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ലെന്നും അടുത്ത ഘട്ടമായ കരയാക്രമണം ഉടന്‍ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. ഹമാസുമായി ഒരു തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിനും ഇല്ലെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.