ദുബായ്: ഗതാഗതവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ താല്‍പര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാന്‍ ദുബായില്‍ റോഡ് ഗതാഗത അതോറിറ്റി ആരംഭിച്ച സര്‍വേയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന സര്‍വേയില്‍ 21,000പേരില്‍ നിന്ന് അഭിപ്രായം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
താമസക്കാര്‍, തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍, താമസക്കാരല്ലാത്ത തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
റോഡ് ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ണയിക്കുന്നതിനാണ് സര്‍വേ. എല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ് ആര്‍.ടി.എയുടെ ലക്ഷ്യം. ഇതിന് ഉപഭോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കാനാണ് സര്‍വേ നടപടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായിരുന്നു.
വീടുകളിലെത്തി നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതടക്കം വിവിധ രീതികള്‍ സര്‍വേയ്ക്കായി പ്രയോജനപ്പെടുത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മെട്രോ, ട്രാം, ബസുകള്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ എന്നിവയടക്കം എല്ലാ മേഖലകളുടെയും നവീകരണത്തിനും വികസനത്തിനും യോജിച്ച അഭിപ്രായങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ദുബായുടെ ഭാവി ഗതാഗതത്തെ നിര്‍ണയിക്കുന്ന ഒരു പദ്ധതിയെന്ന നിലയില്‍ ഉപഭോക്താക്കളുടെ സജീവ ഇടപെടലും അഭിപ്രായങ്ങളും സര്‍വേയിലുടെ പങ്കുവയ്ക്കണമെന്നും ആര്‍.ടി.എ അധികൃതര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.