'തന്റെ ഹര്‍ജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ നല്‍കണം'; പരാതിക്കാരന് ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ച് ഡല്‍ഹി ഹൈക്കോടതി

'തന്റെ ഹര്‍ജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ നല്‍കണം'; പരാതിക്കാരന് ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: തന്റെ ഹര്‍ജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പരാതിക്കാരന് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. പഞ്ചാബ് സ്വദേശിയും ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയുമായ നരേഷ് ശര്‍മയെയാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റും ജസ്റ്റിസ് ഷൈലേന്ദര്‍ കൗറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

1971 ലെ കോടതിയലക്ഷ്യ നിയമ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരന് തന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പശ്ചാത്താപമില്ലെന്ന് കോടതി നിരീക്ഷിച്ചു. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഏഴ് ദിവസത്തെ തടവ് കൂടെ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ശര്‍മയെ കസ്റ്റഡിയിലെടുത്ത് തിഹാര്‍ ജയിലിലേക്ക് വിടാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

ഐഐടി, എയിംസ്, ഐഐഎം തുടങ്ങിയ ഉന്നത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാജ്യദ്രോഹ കുറ്റങ്ങളില്‍ഏര്‍പ്പെട്ടതായി നരേഷ് ശര്‍മ മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം ഇവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ നരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നരേഷ് ജഡ്ജിക്ക് വധശിക്ഷ നല്‍കാന്‍ ഹര്‍ജി നല്‍കിയത്. സിംഗിള്‍ ബെഞ്ച് ജഡ്ജി കള്ളിയാണെന്നും കുറ്റ കൃത്യത്തിന്മേല്‍ കുറ്റകൃത്യം ചെയ്യുന്നതിലൂടെ ക്രിമിനല്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതില്‍ ഡല്‍ഹി ഹൈക്കോടതിക്ക് പങ്കുണ്ടെന്നും നരേഷ് പരാതിയില്‍ ആരോപിച്ചു. ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

ശര്‍മയുടെ ഹര്‍ജിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ബെഞ്ച് രാജ്യത്തെ ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ കോടതിയുടെയും ജുഡീഷ്യല്‍ നടപടിയുടെയും അന്തസ് കാത്തുസൂക്ഷിച്ചുകൊണ്ട് പരിഷ്‌കൃതമായ രീതിയില്‍ തന്റെ പരാതികള്‍ ഉന്നയിക്കണമെന്ന് വ്യക്തമാക്കി.

തുടര്‍ന്ന് സെപ്റ്റംബറില്‍ ഹര്‍ജിയില്‍ പരാതിക്കാരന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. എന്നിട്ടും നരേഷ് കുറ്റം സമ്മതിക്കാതെ ലാഘവത്തോടെ സമീപിച്ചതാണ് തന്റെ പ്രവൃത്തികളില്‍ അയാള്‍ക്ക് കുറ്റബോധമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിക്കാന്‍ കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.