'ഇസ്രയേലിനെ തൊടരുത്': ഒഹായോ മുങ്ങിക്കപ്പലിന്റെ സ്ഥാനം ആദ്യമായി പരസ്യപ്പെടുത്തി ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്കയുടെ ശക്തമായ താക്കീത്

'ഇസ്രയേലിനെ തൊടരുത്': ഒഹായോ മുങ്ങിക്കപ്പലിന്റെ സ്ഥാനം ആദ്യമായി പരസ്യപ്പെടുത്തി ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്കയുടെ ശക്തമായ താക്കീത്

അമേരിക്ക മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വം.

ന്യൂയോര്‍ക്ക്: ഹമാസിനെതിരെ പേരാടുന്ന ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കൈ പൊള്ളുമെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും ശക്തമായ താക്കീത് നല്‍കി അമേരിക്ക. ഇരുവരുടെയും ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കമുണ്ടായാല്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസിന്റെ പുതിയ മുന്നറിയിപ്പ്.


ഹമാസിനെ നേരിടുന്ന ഇസ്രയേലിന് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതിയും ഹിസ്ബുള്ളയും സംയുക്തമായി ആക്രമണം നടത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് ആണവ മിസൈലുകള്‍ വഹിക്കുന്ന മുങ്ങിക്കപ്പല്‍ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു.

ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിലൂടെ നിങ്ങുന്നതിന്റെ ഫോട്ടോയും അമേരിക്ക പുറത്തു വിട്ടിട്ടുണ്ട്.


അമേരിക്ക മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനും ഹിസ്ബുള്ളയ്ക്കും ശക്തമായ താക്കീത് നല്‍കാനാണ് ഇത്തരത്തില്‍ സ്ഥാനം പരസ്യപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ ഗാസയിലേക്ക് നീങ്ങുന്ന ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹൂതി വിമതര്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ നാവിക സേനയും കൂടി ചേര്‍ന്നാണ് ഹൂതി വിമതര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണം ഉണ്ടായ ഒക്ടോബര്‍ ഏഴിന് ശേഷം 17,350 യു.എസ് സൈനികര്‍ മേഖലയിലെത്തിയിട്ടുണ്ട്.

ഏതെങ്കിലും രാജ്യമോ സംഘടനയോ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മുതിര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.