ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം: 130 തുരങ്കങ്ങള്‍ തകര്‍ത്തു; ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികള്‍ക്കായി ചര്‍ച്ച

ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം: 130 തുരങ്കങ്ങള്‍ തകര്‍ത്തു; ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികള്‍ക്കായി ചര്‍ച്ച

ഗാസ സിറ്റി: അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ ഗാസ സിറ്റിയില്‍ കടന്ന ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ കണ്ടെത്തി ആക്രമണം ശക്തമാക്കി. 130 തുരങ്കങ്ങള്‍ തകര്‍ത്തെന്ന് സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന തുരങ്കങ്ങളാണ് യുദ്ധ രംഗത്തെ ഹമാസിന്റെ പ്രധാന തുറുപ്പ് ചീട്ട്. ഹമാസിന്റെ പ്രധാന ആയുധ ശേഖരങ്ങളെല്ലാം ഈ തുരങ്കങ്ങള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഹമാസിനെ പൂര്‍ണമായി ഉന്‍മൂലനം ചെയ്യണമെങ്കില്‍ ഈ തുരങ്ക ശൃംഖലകള്‍ പൂര്‍ണമായും നശിപ്പിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആ ലക്ഷ്യത്തിലേക്കാണ് ഇസ്രയേല്‍ സേന ഇപ്പോള്‍ നീങ്ങുന്നത്. ഇന്നു വരെ ഉണ്ടാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭീകരത്താവളമാണ് ഗാസയെന്ന് തുരങ്കങ്ങളെ സൂചിപ്പിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

ഹമാസിന്റെ ആയുധ നിര്‍മാതാക്കളില്‍ പ്രധാനിയായ മുഹ്സിന്‍ അബു സിനയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. അതിനിടെ റോഡ് നിശ്ചിത സമയം തുറന്നതോടെ വടക്കന്‍ ഗാസയില്‍ നിന്ന് ആയിരങ്ങള്‍ ഇന്നലെയും കാല്‍നടയായി തെക്കന്‍ ഗാസയിലേക്കു പലായനം ചെയ്തു. ഒരുലക്ഷം പേര്‍ ഇപ്പോഴും വടക്കുണ്ടെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ഇയോണ്‍ ലെവി പറഞ്ഞു.

ഗാസാ സിറ്റിയിലെ അല്‍ ഖുദ്സ് ആശുപത്രിയിലേക്കുള്ള എല്ലാ വഴികളും ഇസ്രയേല്‍ സൈന്യം അടച്ചെന്ന് ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് അറിയിച്ചു. അല്‍ ഖുദ്സ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ക്കടിയില്‍ ഹമാസിന്റെ കേന്ദ്രങ്ങളുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.

അതേസമയം ആശുപത്രി സജ്ജീകരണങ്ങളൊരുക്കിയ ഒരു കപ്പല്‍ ഇറ്റലി ഗാസാ തീരത്തേക്കയച്ചു. അതിനിടെ ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 10-15 പേരുടെ മോചനത്തിനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടങ്ങി. ഒന്നോ രണ്ടോ ദിവസം വെടി നിര്‍ത്തുന്നതിന് പകരം ഇവരെ വിട്ടുകിട്ടുന്നതിനായുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അമേരിക്കയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.