ചോദ്യത്തിന് കോഴ: മഹുവയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് എത്തിക്സ് കമ്മിറ്റി; റിപ്പോര്‍ട്ട് നാളെ സ്പീക്കര്‍ക്ക് കൈമാറും

ചോദ്യത്തിന് കോഴ: മഹുവയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് എത്തിക്സ് കമ്മിറ്റി; റിപ്പോര്‍ട്ട് നാളെ സ്പീക്കര്‍ക്ക് കൈമാറും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നാളെ ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറും.

മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് പാസായത്. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്ക്കെതിരെ വോട്ട് ചെയ്തു. പ്രതിപക്ഷത്തെ മറ്റ് നാല് പേര്‍ മഹുവയെ അനുകൂലിച്ചു.

പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവയും ബിഎസ്പി എം.പി ഡാനിഷ് അലി അടക്കമുള്ള പ്രതിപക്ഷ എംപിമാരും സിറ്റിങില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു.

അഞ്ഞൂറ് പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയത്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനില്‍ക്കുന്നത്.

ആരോപണങ്ങളില്‍ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും ലോഗിന്‍, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.