നിങ്ങൾ എല്ലാവരും വാട്ട്സപ്പ് നയം മാറിയത് കണ്ടു കാണും. പക്ഷെ എന്താണ് അത് എന്ന് വായിച്ചു നോക്കാതെ തന്നെ അംഗീകരിച്ച് മുന്നോട്ട് പോയി എങ്കിൽ നിങ്ങൾ ഇത് വായിക്കാതെ പോകരുത്. ഈ കാലഘട്ടത്തിൽ നമ്മുടെ സ്മാർട്ട്ഫോൺ നമ്മുടെ എല്ലാ സ്വകാര്യ വിവരങ്ങളിലേക്കുമുളള ഒരു വാതിൽ ആയിരിക്കുന്നതിനാൽ തന്നെ നാം വളരെ ശ്രദ്ധാപൂർവ്വമായിരിക്കണം ഇത്തരത്തിലുള്ള സ്വകാര്യതാ നയ വ്യതിയാനങ്ങളെയും പുനർനിർണയങ്ങളെയും നോക്കി കാണേണ്ടത്. ഓരോ ആപ്പ് നാം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഏതൊക്കെ പെർമിഷൻ ആണ് നൽകുന്നത് എന്നുള്ളതും വളരെ ശ്രദ്ധിക്കേണ്ടതാണ്.
വാട്ട്സപ്പിലെ പ്രധാന സ്വകാര്യതാ നയ വിത്യാസങ്ങൾ എന്തൊക്കെയാണ്?
ആദ്യ വാട്ട്സപ്പ് പതിപ്പിൽ ഊന്നി പറഞ്ഞിരുന്നത് "നിങ്ങളുടെ പ്രൈവസിയെ ബഹുമാനിക്കുകയും സ്ട്രോങ്ങ് പ്രൈവസി പോളിസികൾ ഇതിന് വേണ്ടി നിലനിർത്തുകയും ചെയ്യും" എന്ന് എഴുതിയിരുന്ന ഭാഗം മാറ്റപ്പെട്ടു എന്ന് തിരിച്ചറിയുക.
എന്തൊക്കെയാണ് ഇനി വാട്ട്സപ്പ് നമ്മുടെ ഫോണിൽ അന്വേഷിച്ചറിയുന്ന കാര്യങ്ങൾ. ഫോണിന്റെ ഹാർഡ്-വെയർ മോഡൽ, ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം, ബാറ്ററി ലെവൽ, സിഗ്നൽ സ്ട്രെങ്‌ത്, ഏത് ആപ്പ് വെർഷൻ ഉപയോഗിക്കുന്നത് എന്നത്, ബ്രൌസർ ഇൻഫർമേഷൻ, മൊബൈൽ നെറ്റ് വർക്ക് പ്രൊവൈഡർ ഇൻഫർമേഷൻ (ഫോൺ നമ്പർ, സർവീസ് പ്രൊവൈഡർ, ഐ എസ് പി എന്നിവ ഉൾപ്പെടെ ) കൂടാതെ ഭാഷ , ടൈം സോൺ , ഐപി അഡ്രസ്, ഡിവൈസ് ഓപ്പറേഷൻ ഡീറ്റെയിൽസ്), എന്നിവയുമാണ്.
മുൻ എഗ്രിമെന്റ് പ്രകാരം തേർഡ് പാർട്ടി പരസ്യ ബാനറുകൾ ഒന്നും കാണിക്കില്ല എന്നെഴുതിയ ഭാഗം കുറച്ചു മാറ്റം വരുത്തി താഴെ കാണുന്നവ കൂടി ചേർത്തു. " അവ (തേർഡ് പാർട്ടി ബാനർ) ഉൾപ്പെടുത്താൻ ഇപ്പോൾ ഞങ്ങൾക്ക് യാതൊരു ഉദ്ദേശ്യങ്ങളും ഇല്ല ; എങ്കിലും അങ്ങനെ ഭാവിയിൽ ചെയ്യുകയാണെങ്കിൽ ഈ സ്വകാര്യതാ നയം പരിഷ്ക്കരിക്കുന്നതായിരിക്കും " എന്നാണ്. ഈ കാര്യം വിരൽ ചൂണ്ടുന്നത് ഭാവിയിൽ ഇങ്ങനെ ചെയ്യുന്നതിനെ പറ്റിയും വാട്ട്സപ്പ് ഫേസ് ബുക്ക് ഭീമൻ ചിന്തിക്കുന്നുണ്ട് എന്ന് തന്നെയല്ലേ?
ഇപ്പോൾ വളരെ വ്യക്തമായി പറയുന്നു നമ്മുടെ ഡാറ്റ ഫേസ്ബുക്കിനും ഷെയർ ചെയ്യുന്നു എന്നും വ്യക്തമായി ഈ പുതിയ എഗ്രിമെന്റിൽ രേഖപ്പെടുത്തി നമ്മുടെ കയ്യിൽ നിന്ന് അംഗീകാരം വാങ്ങുന്നുണ്ട്. അതായത് മുകളിൽ പറഞ്ഞ എല്ലാ വിവരങ്ങളും അവർ ഫേസ് ബുക്കിന് കൈമാറുന്നു. ഫേസ് ബുക്ക് പിന്നീട് ഈ ഡാറ്റ ഉപയോഗിച്ച് ഏത് പരസ്യങ്ങൾ ആരെയൊക്കെ കാണിക്കണം എന്ന് തീരുമാനിക്കും.
ചുരുക്കി പറഞ്ഞാൽ നിങ്ങൾ സുഹൃത്തിനോട് വാട്ട്സപ്പിൽ കൂടി ഒരു മെസ്സേജ് അയച്ച് നല്ല റെസ്റ്റൊറണ്ട് ഏതാണ് എന്ന് ചോദിച്ചാൽ പിന്നീട് നിങ്ങൾ നെറ്റിൽ തിരയുന്നിടത്തെല്ലാം റസ്റ്റൊറണ്ടുകളുടെ പരസ്യം കാണാൻ തുടങ്ങും. അതാണ് ഈ പുതിയ കാലഘട്ടത്തിൽ സംഭവിക്കാൻ പോകുന്നത്. അത് മാത്രമല്ല, നിങ്ങളുടെ ഫോൺ ഏതാണ് എത്ര വിലയുടെ ഫോൺ ആണ്, ഏതൊക്കെ സൈറ്റ് ആണ് നിങ്ങൾ കാണുന്നത് തുടങ്ങി നിങ്ങളുടെ സകല സ്വകാര്യതയിലേക്കും ഇനി വാട്ട്സപ്പ് വരും.
വാട്ട്സപ്പ് പേയ്മെന്റ് കൂടി ഉപയോഗിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ ചിലവാക്കുന്ന രീതികളും ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നും മനസിലാക്കാനും അവർക്ക് സാധിക്കും
എന്തൊക്കെയാണ് മറ്റ് ബദൽ മാർഗ്ഗങ്ങൾ?
ടെലഗ്രാം, സിഗ്നൽ എന്നിങനെ രണ്ട് ആപ്പുകൾ ഇവക്ക് പകരം ഉപയോഗിക്കാവുന്നവയാണ്. ഇവിടെ പരാമർശിക്കാത്ത മറ്റ് പല ആപ്ലിക്കേഷനുകളും ഉണ്ട്. എങ്കിലും നല്ലതെന്ന് തോന്നിയ രണ്ടു ആപ്ലിക്കേഷൻ പരിചയപ്പെടുത്തുന്നു
ടെലഗ്രാം
വാട്ട്സപ്പിനെ അപേക്ഷിച്ച് ടെലഗ്രാം ഒരുപാട് ഫീച്ചർ ഉള്ള അപ്ലിക്കേഷൻ ആണ്. വാട്ട്സപ്പ് ഒരു ഗ്രോസറി സ്റ്റോർ ആണെങ്കിൽ ടെലഗ്രാം ഒരു സൂപ്പർ മാർക്കറ്റ് ആണ് എന്ന് പറയാം… ടെലഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രൈവസി തന്നെയാണ്. നിങ്ങളുടെ നമ്പർ പരസ്യപ്പെടുതാതെ എല്ലാവരുമായും ചാറ്റ് ചെയ്യാം. ഫോട്ടോ വീഡിയോ തുടങ്ങി എല്ലാ തരം ഫയലുകളും അയക്കാം. 1.5 ജിബി വരെ ഫയലുകൾ അയക്കാം , സീക്രട്ട് ചാറ്റ് ഉപയോഗിച്ച് സ്വയം ഡിലീറ്റ് ആകുന്ന വിധം ടൈം സെറ്റ് ചെയ്തു മെസ്സേജ് അയക്കാം , ലക്ഷം പേർ വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ഉണ്ടാക്കാം , ഓരോ ഗ്രൂപ്പിലും അംഗങ്ങൾ ചേരുമ്പോൾ തന്നെ ചാറ്റ് ഹിസ്റ്ററി മുഴുവനും കിട്ടുന്ന വിധമോ അല്ലാതെയോ നിയന്ത്രണം ഗ്രൂപ്പ് അഡ്മിന് ചെയ്യാം. ഗ്രൂപ്പ് പോൾ നടത്താം, ബ്രോഡ് കാസ്റ്റിംഗ് , പിക്ച്ചർ ഇൻ പിക്ച്ചർ , ബോട്ടുകൾ എന്നിവയെല്ലാം ടെലഗ്രാമിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ ഡാറ്റ ക്ലൗഡിൽ സേവ് ചെയ്യുന്നത് കൊണ്ട് ഫോൺ മാറിയാലും നഷ്ടപ്പെട്ടാലും വീണ്ടും ടെലഗ്രാം ഇൻസ്റ്റാൾ ചെയ്താൽ എല്ലാ ഡാറ്റയും തിരികെ ലഭിക്കും. മൾട്ടി ഡിവൈസ് സപ്പോർട്ട് - നിങ്ങൾക്ക് ഒരു ടെലഗ്രാം ഐഡി പല ഫോണുകളിലോ അഥവാ കംപ്യൂട്ടറുകളിലോ ഒന്നിച്ച് ഉപയോഗിക്കാം ടെലഗ്രാം ആപ്പ് പല ഓപ്പൺ സോഴ്സ് വെർഷനുകളിൽ വിവിധ കമ്പനികളുടെ കയ്യിൽ നിന്ന് പല മെച്ചപ്പെട്ട ഇന്റെർ ഫേസുകളിൽ ലഭ്യമാണ്.
സിഗ്നൽ
ലോകത്തെ ഏറ്റവും കോടീശ്വരനായ വ്യവസായി ഇലോൺ മസ്ക് ഈയിടെ ഇങ്ങനെ ട്വീറ്റ് ചെയ്തു “വാട്ട്സപ്പ് എന്ന ആപ്പിന് പകരം ഞാൻ ഉപയോഗിക്കുന്നത് സിഗ്നൽ ആണ്” അതിനു ശേഷം സിഗ്നൽ ലോക പ്രശസ്തമാകുകയും ഇന്റെർനെറ്റിൽ തരംഗമാവുകയും ചെയ്തു. വാട്ട്സപ്പ് പോലെ തന്നെ ഉപയോഗിക്കാവുന്ന ഒരു മെസ്സഞ്ചർ ആണ്. നിങ്ങളുടെ സന്ദേശങ്ങൾ അവ ഫോട്ടോസ്, ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, തുടങ്ങി ഏത് രൂപത്തിലാണെങ്കിലും സിഗ്നൽ ആപ്പ് ഉപയോഗിച്ച് അയക്കാം….
വാട്ട്സപ്പ് പോലെ തന്നെ ഇതിലും നിങ്ങൾക്ക് ഗ്രൂപ്പുകൾ ഉണ്ടാക്കി ആശയവിനിമയം എളുപ്പമാക്കാവുന്നതാണ്. എന്നാൽ ബ്രോഡ്കാസ്റ്റിംഗ് മെസ്സേജ് സൗകര്യം തത്കാലം ഇവിടെ ലഭ്യമല്ല. എന്നാൽ ഗ്രൂപ്പ് കോളിംഗ് സംവിധാനം ഈയിടെ മുതൽ സിഗ്നലിൽ ലഭ്യമാണ്. മറ്റൊരു ആകർഷകമായ കാര്യം നിങ്ങൾക്ക് ടെലഗ്രാമിലെ പോലെ സ്വയം നശിക്കുന്ന മെസ്സേജ് അയക്കാൻ സാധിക്കും. മറ്റൊരു സംവിധാനം റിലേ കോൾ ഓപ്ഷൻ ആണ്. ഇത് വിപിഎൻ പോലെ ഉപയോഗിക്കാവുന്ന ഒരു ഫീച്ചർ ആണ്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഐഡൻറ്റി വെളിപെടുത്താതെ തന്നെ കോൾ ചെയ്യാൻ സാധിക്കും. എന്നാൽ വാട്ട്സപ്പ്, ടെലഗ്രാം എന്നിവ പോലെ ഇതിൽ സ്റ്റിക്കർ മറ്റ് ഇമോജികൾ അധികം ലഭ്യമല്ല.
എന്നാൽ ഈ ബദൽ അപ്ലിക്കേഷനിലേക്ക് മാറണമെങ്കിൽ എല്ലാ സുഹൃത്ത് ബന്ധങ്ങളും മറ്റ് കോൺടാക്റുകളും മാറണം. എങ്കിലെ വാട്ട്സപ്പ് ഫലപ്രദമായി ഉപേക്ഷിക്കാൻ സാധിക്കൂ …
ഇത്തരം ടെക്നോളജി ഭീമന്മാർ അമേരിക്കൻ പ്രസിഡണ്ടിന്റെ വരെ അക്കൌണ്ട് മരവിപ്പിക്കുന്നതിനും ആക്ഷൻ എടുക്കുന്നതും നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ഇവർ നല്കുന്ന സൌകര്യങ്ങൾക്ക് ബദൽ മാർഗങ്ങളുമായി മറ്റ് കമ്പനികൾ ഇല്ല എങ്കിൽ ഇവരുടെ ചൂഷണം പതിന്മടങ്ങ് ആകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല. അതിനാൽ നമ്മൾ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത കാണിക്കാൻ തുടങ്ങണം.
✍️ പീറ്റർ തൃശ്ശൂക്കാരൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.