വരുന്നത് ജുഡീഷ്യല്‍ സിറ്റി; ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു

വരുന്നത് ജുഡീഷ്യല്‍ സിറ്റി; ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ നിന്ന് ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു. ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി ജുഡീഷ്യല്‍ സിറ്റിയാണ് ഇവിടെ ഉയരുന്നത്. കായല്‍ത്തീരത്തെ നിലവിലെ മന്ദിരം സുരക്ഷിതമല്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പാര്‍ക്കിങ് സൗകര്യക്കുറവാണ് മറ്റൊരു ബുദ്ധിമുട്ട്. പുതിയ സമുച്ചയത്തിലേക്ക് ജില്ലാ കോടതി മാറ്റുന്നതും പരിഗണനയിലാണ്. നിലവിലെ ഹൈക്കോടതിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ വന്‍ കെട്ടിട സമുച്ചയമാവും ഉയരുക. നഗരത്തിലെ തിരക്ക്, ഗതാഗതക്കുരുക്ക് എന്നിവയില്‍ നിന്ന് മോചനവും ലഭിക്കും. ജുഡീഷ്യല്‍ സിറ്റിക്കായി എച്ച്.എം.ടിയുടെ 25 ഏക്കര്‍ സര്‍ക്കാര്‍ വിട്ടുനല്‍കും.

കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയി,  ലോ സെക്രട്ടറി, ജില്ലാ കളക്ടര്‍, രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി വൈകാതെ സ്ഥലം സന്ദര്‍ശിക്കും.

2007 ല്‍ നിര്‍മ്മിച്ച നിലവിലെ എട്ടുനില കെട്ടിടത്തിന് കാര്യമായ ബലക്ഷയം ഉണ്ടെന്ന് കേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിത്തിയിലും തൂണിലും വിള്ളല്‍ വീണപ്പോള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അനുബന്ധ ഓഫീസുകള്‍ക്ക് മതിയായ സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. മാത്രമല്ല വികസനത്തിനായി ഹൗസിങ് ബോര്‍ഡിന്റെ 17.3 ഏക്കര്‍ വിട്ടുകിട്ടുകയുമില്ല.

വരുന്നത് മൂന്നു നിലയില്‍ വിശാലമായ ഹൈക്കോടതി മന്ദിരമാണ്. ജഡ്ജിമാരുടെ ഔദ്യോഗിക വസതികളും ഇവിടെ തന്നെയാകും. അഡ്വക്കറ്റ് ജനറല്‍ ഓഫീസ്, ജുഡിഷ്യല്‍ അക്കാഡമി, കോടതി ഓഫീസുകള്‍, അഭിഭാഷകരുടെ ചേംബര്‍ കോംപ്‌ളക്‌സ് എല്ലാം പുതിയ മന്ദിരത്തിന് കീഴില്‍ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.