ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി മുതിര്‍ന്ന നേതാവുമായിരുന്ന മനീഷ് സിസോദിയ ജയിലിലേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പ് രോഗിയായ ഭാര്യയെ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
''വേദനിപ്പിക്കുന്ന ചിത്രം...രാജ്യത്തെ ദരിദ്രരായ കുട്ടികളുടെ ഉന്നമതിക്കായി പ്രവര്‍ത്തിച്ച ഒരു മനുഷ്യനോട് അനീതി കാണിക്കുന്നത് ശരിയാണോ?''-എന്നാണ് കെജ്രിവാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.
മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന സിസോദിയക്ക് വീട്ടിലെത്തി ഭാര്യയെ കാണാന്‍ ഡല്‍ഹി കോടതി ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. ഡല്‍ഹിയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയക്ക് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഭാര്യയെ കാണാന്‍ കോടതി അനുമതി നല്‍കിയത്.
രാവിലെ പത്തിനാണ് കനത്ത പൊലീസ് സുരക്ഷയില്‍ സിസോദിയ വീട്ടിലെത്തിയത്. ദീപാവലിയോടനുബന്ധിച്ചാണ് സന്ദര്‍ശനമെന്നതിനാല്‍ വീട്ടിലെത്തിയ ഉടന്‍ അദേഹം ദീപങ്ങള്‍ തെളിയിച്ചു. വസതിക്കു പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടമായുണ്ടായിരുന്നെങ്കില്‍ കോടതി വിലക്കിയതിനാല്‍ സിസോദിയ അവരോട് പ്രതികരിച്ചില്ല.
കൂടാതെ സന്ദര്‍ശനത്തിനിടെ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. മുമ്പും ഭാര്യയെ കാണാന്‍ സിസോദിയയെ അനുവദിച്ചിരുന്നു. എന്നാല്‍ സിസോദിയ എത്തും മുമ്പേ ആരോഗ്യനില വഷളായ ഭാര്യ സീമയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാല്‍ കാണാനായില്ല.
ഓട്ടോ ഇമ്യൂണ്‍ ഡിസോഡര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ അസുഖങ്ങളുള്ള തന്റെ ഭാര്യയെ കാണാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച് സിസോദിയ കോടതിയെ സമീപിച്ചെങ്കിലും ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിസോദിയയെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിസോദിയ സമര്‍പ്പിച്ച എല്ലാ ജാമ്യ ഹരജിയും തള്ളിയിരുന്നു. ഇനി മൂന്ന് മാസത്തിന് ശേഷം സിസോദിയക്ക് ജാമ്യത്തിനായി ഹരജി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.