അപ്രതീക്ഷിത തിരിച്ചുവരവ്: ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യ മന്ത്രി; ആഭ്യന്തരം ജെയിംസ് ക്ലെവര്‍ലിയ്ക്ക്

അപ്രതീക്ഷിത തിരിച്ചുവരവ്: ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യ മന്ത്രി; ആഭ്യന്തരം ജെയിംസ് ക്ലെവര്‍ലിയ്ക്ക്

ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അപൂര്‍വ സംഭവ വികാസം. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യ മന്ത്രി. പ്രധാനമന്ത്രി റിഷി സുനക് നടത്തിയ മന്ത്രിസഭാ പുനസംഘടനയിലാണ് പുതിയ തീരുമാനം.

പുന സംഘടനയില്‍ വിദേശകാര്യ മന്ത്രി ആയിരുന്ന ജെയിംസ് ക്ലവര്‍ലിയെ ആഭ്യന്തര മന്ത്രിയാക്കി. ക്ലെവര്‍ലിക്ക് പകരമാണ് കാമറൂണിന്റെ വരവ്. കാമറൂണിനെ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സിലേക്ക് സര്‍ക്കാര്‍ നിയമിച്ചു.

ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ജെയിംസ് ക്ലെവര്‍ലിയെയും നിയമിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന സുവെല്ല ബ്രേവര്‍മാനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ക്ലെവര്‍ലിയുടെ നിയമനം. നിലവില്‍ റിഷി സുനക് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു ജെയിംസ് ക്ലെവര്‍ലി.

പാലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായ പ്രകടനമാണ് ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രേവര്‍മാന്റെ പുറത്താക്കലിന് വഴിയൊരുക്കിയത്. പാലസ്തീന്‍ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങള്‍ക്ക് നേരെ മെട്രോപൊളിറ്റന്‍ പൊലീസ് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബ്രേവര്‍മാന്‍ വിമര്‍ശിച്ചിരുന്നു.

2010 മുതല്‍ 2016 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂണ്‍. ബ്രെക്സിറ്റ് റഫറണ്ടം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കാമറൂണിന്റെ രാജി. അന്താരാഷ്ട്ര രംഗത്തെ കാമറൂണിന്റെ അനുഭവ സമ്പത്ത് ബ്രിട്ടന് ഗുണകരമാകുമെന്നാണ് പ്രധാനമന്ത്രി റിഷി സുനകിന്റെ വിലയിരുത്തല്‍. 57 കാരനായ കാമറൂണ്‍, 2016 ല്‍ ബ്രക്സിറ്റ് ജനഹിത പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. എംപി സ്ഥാനവും അദേഹം അതേ വര്‍ഷം ഒഴിഞ്ഞിരുന്നു. 2021 ല്‍ ഗ്രീന്‍സില്‍ ക്യാപിറ്റല്‍ എന്ന ഫിനാന്‍സ് ഗ്രൂപ്പിന് വേണ്ടി സര്‍ക്കാരിന് മുമ്പാകെ ലോബിയിങ് നടത്തിയ കാമറൂണ്‍ ഈ സ്ഥാപനം പിന്നീട് തകര്‍ന്നതോടെ വിവാദത്തില്‍ പെട്ടിരുന്നു.

അതേസമയം കാമറൂണിന്റെ നിയമനം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. എംപിയല്ലാത്ത ഒരാള്‍ സര്‍ക്കാരിലെ ഉന്നത പദവിയില്‍ എത്തുക അപൂര്‍വമാണ്. ഒരു മുന്‍ പ്രധാനമന്ത്രി ക്യാബിനറ്റ് മന്ത്രിയാകുന്നതും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ഏഴ് വര്‍ഷമായി മുന്‍നിര രാഷ്ട്രീയത്തിന് പുറത്താണ് താനെങ്കിലും 11 വര്‍ഷത്തെ പാര്‍ട്ടി അനുഭവവും പ്രധാനമന്ത്രി എന്ന നിലയിലെ പരിചയവും റിഷി സുനക്ക് നേരിടുന്ന സുപ്രധാന വെല്ലുവിളികളില്‍ അദേഹത്തെ സഹായിക്കാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാമറൂണ്‍ പ്രതികരിച്ചു.

പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുനക്കിന്റെ തന്ത്രപൂര്‍വമായ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയോട് കണ്‍സര്‍വേറ്റീവുകള്‍ പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍. കാമറൂണിന് ലോകമെമ്പാടും ബന്ധങ്ങളുണ്ടെങ്കിലും വിദേശകാര്യ മന്ത്രിയായുള്ള നിയമനം വോട്ടുകൊണ്ടുവരുമോ എന്ന് കണ്ടറിയണമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ നടന്ന പോളിങില്‍ യുകെയിലെ 45 ശതമാനം മുതിര്‍ന്നവരും കാമറൂണിന് എതിരായിരുന്നു. അസംതൃപ്തരായ സെന്‍ട്രിസ്റ്റ്, സെന്റര്‍-റൈറ്റ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കാമണൂറിന്റെ അന്താരാഷ്ട്രാ തലത്തിലെ പ്രതിച്ഛായ സഹായിക്കുമെന്നാണ് സുനകിന്റെ പ്രതീക്ഷ. എന്നാല്‍ അത് കണ്ടറിയണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.