ബംഗളൂരു: ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ തലമറയ്ക്കുന്ന തരത്തില്‍ ഒന്നും ധരിക്കാന്‍ പാടില്ലെന്ന് കര്‍ണാടക. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി (കെഇഎ)യുടേതാണ് ഉത്തരവ്. കോപ്പിയടി പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് വിലക്കെന്നാണ് വിശദീകരണം.
ഉത്തരവില്‍ ഹിജാബ് എന്ന് പ്രത്യേകമായി പറയുന്നില്ല. എന്നാല്‍ തലമറയ്ക്കുന്ന വസ്ത്രങ്ങളില്‍ ഇതും ഉള്‍പ്പെടും. അതേസമയം വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ ഫലമായി താലിമാല, കാല്‍വിരലില്‍ മോതിരം എന്നിവ ധരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 18,19 തിയതികളിലായി വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പരീക്ഷകള്‍ നടക്കാനിരിക്കെയാണ് ഉത്തരവ്.
തല, വായ, ചെവി എന്നിവ മറയ്ക്കുന്ന തുണികള്‍, തൊപ്പി എന്നിവ ധരിച്ചവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല എന്നാണ് കെഇഎയുടെ ഉത്തരവില്‍ പറയുന്നത്. ബ്‌ളൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി തടയാനാണ് വിലക്കെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അതേസമയം കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തില്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇളവ് നല്‍കിയിരുന്നു. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്താമെന്ന ഇളവാണ് നല്‍കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഹിജാബിന് കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ് വ്യക്തമാക്കിയിരുന്നത്.
ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്നാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍ അന്ന് പറഞ്ഞത്. മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബിനുള്ള വിലക്ക് ഘട്ടം ഘട്ടമായി നീക്കുമെന്ന് പറഞ്ഞ മന്ത്രി കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ ഇതിനായി ഭരണഘടനാ പരമായ നടപടികള്‍ ആവശ്യമാണെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബും കാവി ഷാളും ഉള്‍പ്പെടെയുള്ള മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് എത്തുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മാര്‍ച്ചില്‍ ഈ ഉത്തരവ് ഹൈക്കോടതി വിശാല ബഞ്ച് ശരിവയ്ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.