അഞ്ച് ദിവസത്തേക്ക് വെടിനിര്‍ത്തിയാല്‍ 70 ബന്ദികളെ മോചിപ്പിക്കാം: പുതിയ വ്യവസ്ഥ മുന്നോട്ടു വച്ച് ഹമാസ്

അഞ്ച് ദിവസത്തേക്ക് വെടിനിര്‍ത്തിയാല്‍ 70 ബന്ദികളെ മോചിപ്പിക്കാം: പുതിയ വ്യവസ്ഥ മുന്നോട്ടു വച്ച് ഹമാസ്

ഗാസ സിറ്റി: വിട്ടുവീഴ്ചയില്ലാതെ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരവേ നില്‍ക്കക്കള്ളിയില്ലാതായ ഹമാസ് വെടിനിര്‍ത്തലിന് പുതിയ വ്യവസ്ഥ മുന്നോട്ട് വച്ചു. അഞ്ച് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ കുട്ടികളും സ്ത്രീകളുമടക്കം എഴുപത് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് ഖത്തര്‍ മുഖേന അറിയിച്ചിട്ടുള്ളത്.

വെടിനിര്‍ത്തലിനായി എഴുപത് ഇസ്രയേലി ബന്ദികളെ വിട്ടയക്കുമ്പോള്‍ ഇസ്രയേല്‍ ബന്ദികളാക്കി വച്ചിരിക്കുന്നവരില്‍ 200 പാലസ്തീനികളെയും മോചിപ്പിക്കണമെന്ന ആവശ്യവും ഹമാസ് ഉന്നയിച്ചിട്ടുണ്ട്. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്തായാലും ഹമാസിന്റെ നിര്‍ദേശത്തോട് ഇസ്രയേല്‍ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സമ്പൂര്‍ണ വെടിനിര്‍ത്തലിനില്ലെന്ന് ഇസ്രയേല്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്്. മാനുഷിക സഹായം എത്തിക്കാന്‍ വേണമെങ്കില്‍ നാലോ അഞ്ചോ മണിക്കൂര്‍ യുദ്ധത്തിന് ഇടവേള എന്നതാണ് ഇസ്രയേല്‍ നിലപാട്.

ബന്ദികളെ മോചിപ്പിക്കാമെന്ന് അറിയിച്ചിട്ടും ഇസ്രയേല്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ ഹമാസ് വിമര്‍ശിച്ചു. ഇസ്രയേല്‍ അവസരം മുതലാക്കുകയാണെന്നും മാനുഷിക വശം പരിഗണിച്ച് ഇടവേള നല്‍കുന്നതിന് പകരം പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ് ഇസ്രയേല്‍ എന്നുമാണ് ഹമാസ് പറയുന്നത്.

എന്നാല്‍ ഹമാസിന് ഗാസയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായതിനാലാണ് ഇപ്പോള്‍ വെടിനിര്‍ത്തല്‍ എന്ന നിലപാട് മുന്നോട്ട് വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇത് പിന്നീട് കൂടുതല്‍ ശക്തമായി ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണെന്നും ഇസ്രയേല്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.