മുതിര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍

മുതിര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍

ചെന്നൈ: സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. പനി ബാധിതനായി ഇന്നലെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്.

1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. മറ്റൊരാള്‍ വി.എസ് അച്യുതാനന്ദനാണ്.

1922 ജൂലൈ 15 ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാം ക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുരയിലെ സ്‌കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധ സമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു.

1965ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി.

തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഭാര്യ: പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016 ല്‍ അന്തരിച്ചു. മൂന്ന് മക്കളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.