ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ്ജ്; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്

ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ്ജ്; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്

ന്യൂഡൽഹി: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഹരിയാനയിലെ കര്‍ണാലിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നിടത്തേക്കായിരുന്നു കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.

മുഖ്യമന്ത്രിയുടെ സമ്മേളന സ്ഥലവും വന്നിറങ്ങാനായി നിര്‍മ്മിച്ച ഹെലിപ്പാഡും കര്‍ഷകര്‍ കൈയ്യടക്കി. ഗ്രാമത്തിലെ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനും സെപ്റ്റംബറില്‍ പാസാക്കിയ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെ കുറിച്ച് സംസാരിക്കാനുമായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ തീരുമാനം. നൂറു കണക്കിന് കര്‍ഷകരാണ് ട്രാക്ടറിൽ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. എന്നാല്‍ വേദി തകര്‍ത്തതില്‍ കര്‍ഷക സംഘടനകള്‍ക്കോ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ പങ്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

പ്രക്ഷോഭത്തിനു പിന്തുണയുമായി കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് നീങ്ങുന്നത്. ജമ്മുവിൽ നിന്നുള്ള ഇരുനൂറോളം കർഷകർ സിംഘുവിലെത്തി. കേരളത്തിൽനിന്ന് ആയിരത്തോളം പേർ 14ന് എത്തും. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ സമാന്തര പരേഡ് നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർഷകരെ അണിനിരത്തുമെന്നും നേതാക്കൾ പറഞ്ഞു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും കർഷക സംഘടനകളെ പ്രതിനിധീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.