മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന അത്യാഡംബര ബസ് കേരളത്തിലേക്കു പുറപ്പെട്ടു; കാസര്‍കോഡ് നാളെ എത്തും

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന അത്യാഡംബര ബസ് കേരളത്തിലേക്കു പുറപ്പെട്ടു; കാസര്‍കോഡ് നാളെ എത്തും

ബെംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനു പോകുന്നതിനായി ഏര്‍പ്പെടുത്തിയ അത്യാഡംബര കെഎസ്ആര്‍ടിസി ബെന്‍സ് ലക്ഷ്വറി കോച്ച് ബസ് ബെംഗളൂരുിവില്‍ നിന്നു കേരളത്തിലേക്കു പുറപ്പെട്ടു. നാളെ കാസര്‍ഗോഡ് ബസ് എത്തിച്ചേരും.

ബെംഗളൂരുവിലെ മണ്ഡ്യയിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്നു പുറപ്പെട്ട ബസ് മൈസൂരു, സുള്ള്യ വഴി കാസര്‍കോട്ട് എത്തിച്ചേരും. വളരെ രഹസ്യമായായിരുന്നു ബസിന്റെ ബോഡി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. റജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്ക് യാത്രതിരിച്ചിരിക്കുന്നത്.

ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്ന്‍, ഡൈനിംഗ് ഏരിയ, വാഷ് ബേസിന്‍ തുടങ്ങിയ അത്യാഡംബര സംവിധാനങ്ങള്‍ സഹിതം എത്തുന്ന ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ട്രഷറിയുടെ നിയന്ത്രണങ്ങള്‍ മറികടന്നുള്ള ഈ ഉത്തരവ് വിവാദമായിരുന്നു.

44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബോഡി നിര്‍മാണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമാണ് ബാക്കി തുക. 11 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ബയോ ടോയ്‌ലറ്റ് നിര്‍മിച്ചിരിക്കുന്നത്.

ചോക്‌ലേറ്റ് ബ്രൗണ്‍ നിറമാണ് ബസിന്. കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് വെള്ള നിറമേ പാടുള്ളു എന്ന നിയമം മറികടന്നാണ് പുതിയ ബസിന് ബ്രൗണ്‍ നിറം നല്‍കിയിരിക്കുന്നത്. ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ബ്രൗണ്‍ നിറം നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും 20 മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. ഏറ്റവും മുന്നില്‍ എങ്ങോട്ടും തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ മറ്റു രണ്ടു പേര്‍ക്കു കൂടെ കെഎസ്ആര്‍ടിസി പരിശീലനം കൊടുത്തിട്ടുണ്ട്.

പ്രത്യേകം തിരഞ്ഞെടുത്ത ഡ്രൈവര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ആദ്യ ബെന്‍സ് ബസ് ആണ് നവകേരള ബസ്. ബെന്‍സ് ബസുകളേക്കാള്‍ വിലകൂടിയ വോള്‍വോ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ട്.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്ന നവകേരള സദസിന് തുടക്കം 18ന് മഞ്ചേശ്വരം മണ്ഡലത്തില്‍ തുടക്കം കുറിക്കും. ഡിസംബര്‍ 24ന് തിരുവനന്തപുരത്താണ് സമാപനം. മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളെ കാണും.

ജില്ലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വൈകുന്നേരങ്ങളില്‍ മാധ്യമങ്ങളെയും കാണും. നവകേരള സദസ്സ് കഴിയുന്നതു വരെ, മന്ത്രിസഭാ യോഗങ്ങള്‍ മറ്റു ജില്ലകളിലാകും ചേരുക.

നവംബര്‍ 22നു നടക്കുന്ന അടുത്ത മന്ത്രിസഭാ യോഗം തലശ്ശേരിയിലാണ്. 28ന് വള്ളിക്കുന്നിലും ഡിസംബര്‍ ആറിനു തൃശൂരിലും 12നു പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മറ്റ് മന്ത്രിസഭാ യോഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.