വിഴിഞ്ഞം തുറമുഖം: ലത്തീന്‍ അതിരൂപത തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാശനം 21 ന്

വിഴിഞ്ഞം തുറമുഖം: ലത്തീന്‍ അതിരൂപത തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാശനം 21 ന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച ലത്തീന്‍ അതിരൂപത തയാറാക്കിയ റിപ്പോര്‍ട്ട് ലോക മത്സ്യത്തൊഴിലാളി ദിനമായ 21 ന് പ്രകാശനം ചെയ്യും. രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചേരുന്ന ചടങ്ങല്‍ ചരിത്ര പണ്ഡിതനായ രാമചന്ദ്ര ഗുഹയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുക.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കും. സമര സമിതി പ്രതിനിധികളായ പാട്രിക് മൈക്കിള്‍, എല്‍സി ഗോമസ് എന്നിവരാണ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങുന്നത്. പഠന സമിതി അധ്യക്ഷന്‍ ഡോ. കെ.വി. തോമസ് റിപ്പോര്‍ട്ടിന്റെ രത്‌നചുരുക്കം അവതരിപ്പിക്കും.

ഫാ. യൂജിന്‍ പെരേര, ദി ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍, അഖില കേരള ധീവരസഭാ നേതാവ് വി. ദിനകരന്‍, ജാക്‌സണ്‍ പൊള്ളയില്‍, അഡ്വ. ഷെറി ജെ. തോമസ്, സിന്ധു നെപ്പോളിയന്‍, ഫാ. ആഷ്‌ലിന്‍ ജോസ് എന്നിവര്‍ പങ്കെടുക്കും.

രാമചന്ദ്ര ഗുഹയും ജനകീയ പഠന സമിതി അധ്യക്ഷന്‍ ഡോ. കെ.വി. തോമസ്, അംഗങ്ങളായ പ്രൊബീര്‍ ബാനര്‍ജി, സരിത ഫെര്‍ണാണ്ടസ്, ഡോ. ജോണ്‍ കുര്യന്‍, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി. താര, ഡോ. ജോണ്‍സണ്‍ ജാമന്റ് എന്നിവരും പങ്കെടുക്കുന്ന ചോദ്യോത്തര ചര്‍ച്ചയും ഉണ്ടാകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ കടല്‍ തീര പരിസ്ഥിതിയും തീരദേശവാസികളുടെ ഉപജീവനവും സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാതെ ശാസ്ത്രീയ വസ്തുതകള്‍ പോലും മറച്ചു വച്ചും തെറ്റിദ്ധരിപ്പിച്ചും ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്താന്‍ തീരുമാനിച്ചത്. ഭൗമശാസ്ത്ര പഠന കേന്ദ്രം മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. തോമസിന്റെ അധ്യക്ഷതയിലായിരുന്നു പഠന സമിതി രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.