പത്തനംതിട്ട -കോയമ്പത്തൂര്‍ പുതിയ വോള്‍വോ എസി സര്‍വീസുമായി കെഎസ്ആര്‍ടിസി; നീക്കം റോബിന്‍ ബസിനെ വെട്ടാന്‍

പത്തനംതിട്ട -കോയമ്പത്തൂര്‍ പുതിയ വോള്‍വോ എസി സര്‍വീസുമായി കെഎസ്ആര്‍ടിസി; നീക്കം റോബിന്‍ ബസിനെ വെട്ടാന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ വോള്‍വോ എസി ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നാളെയാണ് ആദ്യ സര്‍വീസ്.

പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ നാല് മുപ്പതിന് പുറപ്പെട്ട് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ,  അങ്കമാലി, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴി കോയമ്പത്തൂരിലെത്തും.

തിരിച്ച് വൈകുന്നേരം നാല് മുപ്പതിന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.


അതേ സമയം, ഹൈക്കോടതി ഉത്തരവും കേന്ദ്ര അനുമതിയുടെയും ബലത്തില്‍ പത്തനംതിട്ട -കോയമ്പത്തൂര്‍ ബസ് സര്‍വീസ് നടത്താനിറങ്ങിയ റോബിന്‍ എന്ന സ്വകാര്യ ബസ് ഉടമക്കെതിരായ നീക്കമാണിതെന്ന് പരോക്ഷമായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ശനിയാഴ്ച രാവിലെ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിനെ നാലു തവണ എംവിഡി തടഞ്ഞ് പിഴയിട്ടിരുന്നു. എന്നാല്‍ കോടതി വിധി അനുസരിച്ചു മാത്രമേ പിഴ ഒടുക്കൂ എന്നാണ് റോബിന്‍ ബസ് ഉടമ പ്രതികരിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച് മിനിട്ടുകള്‍ക്കകം ബസ് തടഞ്ഞ എംവിഡി സംഘം 7500 രൂപ പിഴ ചുമത്തി. തുടര്‍ന്ന് പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങി മൂന്നിടത്തു കൂടെ വാഹനം എംവിഡി തടഞ്ഞിരുന്നു. ഒടുവില്‍ യാത്രക്കാര്‍ എംവിഡിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തു വന്നതോടെയാണ് ബസിന് യാത്രാനുമതി ലഭിച്ചത്.

എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാരും പ്രതിഷേധവുമായി വന്നു. ഇതോടെ നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി.

നിയമ പോരാട്ടത്തിന് താന്‍ തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവെന്നുമാണ് റോബിന്‍സ് ബസ് ഉടമ ഗിരീഷിന്റെ നിലപാട്.

കഴിഞ്ഞ ഒക്ടോബര്‍ 16-ാം തീയതി ആദ്യ സര്‍വീസ് ആരംഭിച്ച അന്ന് നിയമ ലംഘനം ചൂണ്ടിക്കാട്ടി ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് സര്‍വീസ് പുനരാരംഭിച്ചത്.

അതേ സമയം, തമിഴ്‌നാട് സര്‍ക്കാരും റോബിന്‍ ബസിന് കനത്ത പിഴയിടാക്കി. പെര്‍മിറ്റ് ലംഘിച്ചതിന് 70,410 രൂപയാണ് ഇന്ന് പിഴയിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.