കൊച്ചി: ഗോവ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ട് വര്‍ഷം മുന്‍പ് കാണാതായ മലയാളി യുവാവിന്റേതെന്ന് കണ്ടെത്തല്‍. കൊച്ചി തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ വീട്ടില്‍ ജെഫ് ജോണ്‍ ലൂയിസിന്റേതാണ് (27) മൃതദേഹം. ഡിഎന്‍എ റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജെഫിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഗോവയില്‍ വച്ച് കൊലപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കണ്ടെത്തിയിരുന്നു. മറ്റൊരു കേസില്‍ പിടിയിലായ പ്രതി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജെഫിന്റെ കൊലപാതകം തെളിഞ്ഞത്.
രണ്ട് വര്‍ഷം മുന്‍പ് ഗോവയിലെ ബിച്ചിന് സമീപത്തെ കുന്നില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജെഫിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് മൃതദേഹത്തിന്റെ ഡിഎന്‍എയുമായി പരിശോധിച്ചാണ് ജെഫിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.
2021 നവംബറില്‍ കാണാതായ ജെഫ് ആ മാസം തന്നെ ഗോവയില്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി മകന്‍ തിരികെ എത്താതിരുന്നതോടെ അമ്മ ഗ്ലാഡിസ് ലൂയിസാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ജെഫിന്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അവസാന ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെ അന്വേഷണം വയനാട് സ്വദേശി അനില്‍ ചാക്കോയില്‍ എത്തി. അനില്‍ ചാക്കോയെ കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായി ചോദ്യം ചെയ്തു. അവസാനം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പിന്നീടാണ് കൊലപാതകത്തിന് കൂട്ടുനിന്ന മറ്റ് നാലുപേരെകൂടി അറസ്റ്റ് ചെയ്യുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അനിലിനും ജെഫിനും ബന്ധമുണ്ടായിരുന്നു. ലഹരിയുമായി പോകുന്ന അനിലിനെക്കുറിച്ചുള്ള വിവരം ജെഫ് പൊലീസിന് കൈമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം. സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം പൊലീസ് പ്രതികളെ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.