കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളത്ത് കോണ്‍ഗ്രസില്‍ ഭിന്നത. ആലുവയില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു.
ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് വിജയിച്ചത് എ ഗ്രൂപ്പിലെ പി.എച്ച് അനൂപാണെന്നും നിലവില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിജോ ജോസഫുമായി സഹകരിക്കില്ലെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്. ആലുവയിലെ യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അനൂപിനാണ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യത എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. ക്രിമിനല്‍ കേസുണ്ടെന്ന് ചൂണ്ടക്കാട്ടിയാണ് അനൂപിന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചത്.
എന്നാല്‍ അനൂപിനെ പോലെ തന്നെ സിജോയുടെ പേരിലും കേസുകളുണ്ടെന്നും അനൂപിന് സ്ഥാനം നിഷേധിച്ചാല്‍ സിജോയ്ക്കും നിഷേധിക്കണമെന്നും മൂന്നാം സ്ഥാനത്തെത്തിയ ആളെ പ്രസിഡന്റ് ആക്കണമെന്നും നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്ത് ഡിസിസി പ്രസിഡന്റ് പുറത്തു വിട്ട ലിസ്റ്റിലും കടുത്ത അതൃപ്തിയാണ് എ ഗ്രൂപ്പിനുള്ളത്. ഈ അതൃപ്തിയും ജില്ലാ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കളുടെ തീരുമാനം.
നവകേരള സദസിന്റെ സംഘാടന സമിതി യോഗത്തില്‍ പങ്കെടുത്തതിന് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എസ് അനില്‍ കുമാറിനോട് വിശദീകരണം തേടിയിരുന്നു. എ ഗ്രൂപ്പിന്റെ നേതാവാണ് അനില്‍കുമാര്‍. നേതൃത്വത്തിന്റെ ഈ നടപടിയിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്.
ഇത്തരത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയുണ്ടായ പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് ആലുവയില്‍ യോഗം ചേര്‍ന്നത്. ബെന്നി ബെഹനാന്‍ എംപിയായിരുന്നു യോഗത്തിന്റെ നേതൃത്വം വഹിച്ചത്.
കെ.ബാബു എംഎല്‍എ, വീക്ഷണം എംഡി ജെയ്സണ്‍ ജോസഫ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. യോഗം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണെന്നായിരുന്നു ബെന്നി ബെഹനാന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.