ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി റഷ്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് തമാല്‍ കമ്മീഷന്‍ ചെയ്തു. ഇന്ത്യ വിദേശത്ത് നിര്‍മിച്ച അവസാനത്തെ യുദ്ധക്കപ്പലാണ് ഐഎന്‍സ് തമാല്‍.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പെടുത്തി ഇനി നാവിക സേനയ്ക്കുള്ള യുദ്ധക്കപ്പലുകള്‍ എല്ലാം രാജ്യത്ത് തന്നെ നിര്‍മിക്കാനാണ് തീരുമാനം. ബ്രഹ്‌മോസ് ദീര്‍ഘദൂര മിസൈലടക്കം വഹിക്കാന്‍ ശേഷിയുള്ളതാണ് നാവിക സേനയുടെ ഭാഗമായ ഐഎന്‍എസ് തമാല്‍.
അതിശൈത്യത്തിലുള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ കാലാവസ്ഥയില്‍ കടല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ് നാവിക സേനയുടെ ഭാഗമായ തമാല്‍ അറബിക്കടലില്‍ ആകും പ്രവര്‍ത്തിക്കുക.
യുദ്ധവിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമെതിരെ കുത്തനെ ആകാശത്തേക്ക് സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ പ്രയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഈ കപ്പലിലുണ്ട്. അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള റോക്കറ്റുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമടക്കമാണ് തമാല്‍ നാവിക സേനയിലേക്ക് എത്തിയിരിക്കുന്നത്.
നേവിക്ക് വേണ്ടി നിര്‍മിച്ച രണ്ടാമത്തെ തുഷില്‍ ക്ലാസ് സ്റ്റൈല്‍ത്ത് യുദ്ധക്കപ്പലാണ് തമാല്‍. റഷ്യന്‍ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാലിന്റെ നിര്‍മാണം. കലിനിന്‍ഗ്രാഡിലെ യാന്താര്‍ കപ്പല്‍ ശാലയിലാണ് ഐഎന്‍എസ് തമാലിന്റെ നിര്‍മാണം നടന്നത്.
യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി 2016 ലാണ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ റഷ്യയില്‍ നിന്ന് രാജ്യത്തെത്തിച്ച ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളുടെ പരമ്പരയിലെ എട്ടാമത്തെ കപ്പലാണിത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ സഞ്ജയ് ജെ സിങ്്, നിരവധി ഉന്നത ഇന്ത്യന്‍, റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്മീഷനിങ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.