കണ്ണൂര്‍ ജില്ലയില്‍ നവകേരള സദസ് തുടരുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കനത്ത സുരക്ഷ

കണ്ണൂര്‍ ജില്ലയില്‍ നവകേരള സദസ് തുടരുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കനത്ത സുരക്ഷ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നവ കേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക.

ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെച്ചൊല്ലി ഇന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ശക്തമാക്കിയത്.

ഇന്നലെ കല്യാശേരി മണ്ഡലത്തില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെയാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

ഇതിനു പിന്നാലെ സംഘര്‍ഷവുമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരും ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തില്‍ ഏഴ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ തലയ്ക്കടിയേറ്റ് സാരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ (30) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സൈ്വര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ തങ്ങള്‍ തെരുവില്‍ നേരിടും.

സിപിഎം ബോധപൂര്‍വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.