നാല് ദിവസം വെടിനിര്‍ത്തും; ബന്ദികളെ ഭാഗികമായി മോചിപ്പിക്കും: കരാര്‍ ഇന്ന് പ്രാബല്യത്തില്‍ വന്നേക്കും

നാല് ദിവസം വെടിനിര്‍ത്തും; ബന്ദികളെ ഭാഗികമായി മോചിപ്പിക്കും:  കരാര്‍ ഇന്ന്  പ്രാബല്യത്തില്‍ വന്നേക്കും

ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹമാസ് തടവിലാക്കിയവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് ടെല്‍ അവീവില്‍ നടത്തിയ റാലി.

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് തന്നെ പ്രാബല്യത്തില്‍ വന്നേക്കും. നാല് ദിവസത്തെ വെടിനിര്‍ത്തലും ഹമാസിന്റെ തടവിലുള്ള കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളുടെ കൈമാറ്റവുമാണ് കരാറിലെ പ്രധാന വ്യവസ്ഥ.

ഇവരില്‍ ഇസ്രയേല്‍ക്കാരും വിദേശികളുമുണ്ടാകും. സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികള്‍ക്ക് പകരം ഇസ്രയേല്‍ ജയിലിലുള്ള മുന്നൂറോളം പാലസ്തീന്‍ തടവുകാരെ വിട്ടയക്കും. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യ വസ്തുക്കളും വൈദ്യ സഹായവും എത്തിക്കും തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകള്‍.

കടുത്ത അഭിപ്രായ ഭിന്നത മൂലം പലവട്ടം യോഗം ചേര്‍ന്നാണ് കരാറിനെ പിന്തുണക്കാനുള്ള മന്ത്രിസഭാ തീരുമാനമുണ്ടായതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരാറിനോട് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും തീവ്ര വലതുപക്ഷ മത സയണിസം പാര്‍ട്ടി അനുകൂലമായി വോട്ട് ചെയ്തു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ അള്‍ട്രാ നാഷണലിസ്റ്റ് ഒട്‌സ്മ യെഹൂദിത് വിഭാഗത്തിലെ അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് ഹീബ്രു മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ച ഖത്തറും ഈജിപ്തും ചേര്‍ന്ന് ഇന്ന് കരാര്‍ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തുമെന്നാണ് വിവരം. ഒന്നര മാസത്തോളമായി തുടരുന്ന ആക്രമണം മൂലം ദുരിതത്തിലായ ഗാസ നിവാസികള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വലിയ ആശ്വാസമാകും.

എന്നാല്‍ കരാര്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ഹമാസുകാരെ ഇസ്രയേല്‍ സൈന്യം വധിച്ചു.

ഹമാസിന്റെ മൂന്ന് തുരങ്കങ്ങള്‍ കണ്ടെത്തിയെന്നും റോക്കറ്റ് വിക്ഷേപണത്തറ നശിപ്പിച്ചെന്നും ഇസ്രയേല്‍ പറഞ്ഞു. യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു. നാലായിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

അതിനിടെ ഇറാഖിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തിന് നേരെ നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി പെന്റഗണ്‍ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യന്‍ മേഖലയിലുള്ള അമേരിക്കയുടെ വിവിധ സൈനിക ആസ്ഥാനങ്ങള്‍ക്ക് നേരെ നിരവധി തവണയാണ് ആക്രമണങ്ങളുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.