മതനിന്ദാ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും; വിദ്യാഭ്യാസത്തിലൂടെ വിശ്വാസികളെ ശാക്തീകരിക്കും; വെല്ലുവിളികള്‍ ഏറെയെന്ന് പാക് മെത്രാന്‍ സമിതിയുടെ പുതിയ അധ്യക്ഷന്‍

മതനിന്ദാ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും; വിദ്യാഭ്യാസത്തിലൂടെ വിശ്വാസികളെ ശാക്തീകരിക്കും; വെല്ലുവിളികള്‍ ഏറെയെന്ന് പാക് മെത്രാന്‍ സമിതിയുടെ പുതിയ അധ്യക്ഷന്‍

ലാഹോര്‍: പാകിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന മതനിന്ദാ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാകിസ്ഥാന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍. വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്ത് ക്രൈസ്തവ വിശ്വാസികള്‍ കടുത്ത വിവേചനം നേരിടുന്നു. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും നീതിയുടെയും സമാധാനത്തിന്റെയും പാത പിന്തുടരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. Crux എന്ന കത്തോലിക്ക മാധ്യമത്തോടു സംസാരിക്കുകയായിരുന്നു ഹൈദരാബാദ് മെത്രാനായ സാംസണ്‍ ഷുക്കാര്‍ഡിന്‍.

പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടെയുള്ള, മതനിന്ദ കുറ്റകരമാക്കുന്ന നിയമങ്ങള്‍ക്ക് പലപ്പോഴും ഇരകളാക്കപ്പെടുന്നത് ക്രൈസ്തവരാണ്. ഭൂരിപക്ഷ മുസ്ലീം രാഷ്ട്രത്തിലെ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു. വ്യാജ മതനിന്ദ കുറ്റം ചുമത്തി 2010-ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ എട്ടു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആസിയ ബീബി എന്ന ക്രിസ്ത്യന്‍ യുവതി ഇതിനുദാഹരണമാണ്.

വധശിക്ഷക്ക് വിധിച്ച നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി ആസിയ ബീബിയെ കുറ്റവിമുക്തയാക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം നാട്ടില്‍ കഴിയാനുള്ള ഭയത്താല്‍ കാനഡയിലാണ് ഇപ്പോള്‍ താമസം.

'നിരപരാധികളായ ആളുകളെ ടാര്‍ഗെറ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം' - ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ തുടര്‍ന്നു. എന്റെ പ്രാഥമിക ദൗത്യം നിരപരാധികളായ ഇരകള്‍ക്ക് സഹായവും ആശ്വാസവും നല്‍കുകയും ചെയ്യുക എന്നതാണ്. പാകിസ്ഥാന്‍ സമൂഹത്തില്‍ ക്രിസ്ത്യന്‍ വിരുദ്ധ ശക്തികള്‍ ഉണ്ടെങ്കിലും അത് സാര്‍വത്രികമല്ലെന്ന് 62 കാരനായ ബിഷപ്പ് പറയുന്നു. 'ഈ ക്രിസ്ത്യന്‍ വിരുദ്ധ വികാരം രാജ്യത്തു മുഴുവനുമില്ല, മറിച്ച് ചിലയിടങ്ങളിലാണ്'.

'പ്രസിഡന്റ് എന്ന നിലയില്‍ നീതിയും സമാധാനവും പ്രധാന മുന്‍ഗണനകളിലൊന്നായിരിക്കും, കാരണം വിശ്വാസികള്‍ നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുന്നു, സഭ എന്ന നിലയില്‍, നമ്മുടെ ആളുകളെ സുരക്ഷിതരാക്കുന്നതിന് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്'.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളെ ബിഷപ്പ് ഷുക്കാര്‍ഡിന്‍ പരാമര്‍ശിച്ചു. ഈ പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും നിര്‍ബന്ധിതമായി വിവാഹിതരാവുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കാനാണ് സഭ ശ്രമിക്കേണ്ടത് - അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ കത്തോലിക്കാ ജനസംഖ്യയുടെ ഗണ്യമായ പങ്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ്. സാംസ്‌കാരികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലകളില്‍ നിന്നുള്ളവരായതിനാല്‍ അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഷപ്പ് ഷുക്കാര്‍ഡിന്‍ പറഞ്ഞു.

'നമ്മുടെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദുര്‍ബലരില്‍ ഏറ്റവും ദുര്‍ബലരാണ്. മതവിവേചനം കാരണം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഒരു കത്തോലിക്കാ സര്‍വ്വകലാശാലയില്ല എന്നത്ഏറ്റവും സങ്കടകരമായ അവസ്ഥ. സ്‌കൂളുകളുടെ സ്വകാര്യവല്‍ക്കരണം വിദ്യാഭ്യാസ അവസരങ്ങള്‍ കുറച്ചു. വിദ്യാഭ്യാസത്തിനാണ് ബിഷപ്പ് കോണ്‍ഫറന്‍സ് മുന്‍ഗണന നല്‍കുന്നത്. കാരണം അത് നമ്മുടെ വിശ്വാസികളെ ശാക്തീകരിക്കുകയും അവരെ സ്വയംപര്യാപ്തരും സാമ്പത്തികമായി സ്വതന്ത്രരുമാക്കുന്നു. അങ്ങനെ അവര്‍ക്ക് മാന്യമായ ജീവിതം നയിക്കാനാകും. ആരോഗ്യ സംരക്ഷണവും കോണ്‍ഫറന്‍സിന്റെ മുന്‍ഗണനയാണ്'.

'പാകിസ്ഥാനിലെ 1.3 ദശലക്ഷം കത്തോലിക്കര്‍ ദേശീയ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഭൂരിപക്ഷ സമൂഹവുമായും മറ്റ് എല്ലാ ന്യൂനപക്ഷ ഗ്രൂപ്പുകളുമായും ഞങ്ങള്‍ ഹൃദ്യമായ ബന്ധം പങ്കിടുന്നു.'

'മത സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും സംഭാഷണം അത്യന്താപേക്ഷിതമാണ്,' കോണ്‍ഫറന്‍സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കാന്‍ തന്റെ ക്രക്‌സ് അഭിമുഖത്തിന്റെ ദിവസം രാവിലെ തന്നെ ഒരു മതാന്തര സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതായി ഷുക്കാര്‍ഡിന്‍ പറഞ്ഞു.

ഇസ്ലാമാബാദ്-റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദിന്റെ പിന്‍ഗാമിയായാണ് ബിഷപ്പ് ഷുക്കാര്‍ഡിന്‍ മെത്രാന്‍ സമിതി അധ്യക്ഷനാകുന്നത്. രാജ്യത്ത് ആറ് കത്തോലിക്കാ രൂപതകളും കൂടാതെ ഒരു അപ്പോസ്‌തോലിക് വികാരിയേറ്റുമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.