വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: നാല്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ നെഞ്ചു വേദന വരില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഇതിനായി ഹാജരാകാന്‍ രാഹുലിന് ഉടന്‍ നോട്ടീസ് നല്‍കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ചോദ്യം ചെയ്യലിന് സഹകരിക്കുമെന്നും അതിനായി വിളിപ്പിച്ചാല്‍ തനിക്ക് നെഞ്ച് വേദന വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ നെഞ്ചു വേദന വരില്ല. കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ട. കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ നിരപരാധികളാണ്. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിനില്ല. അന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ്'- രാഹുല്‍ പറഞ്ഞു.

കേസില്‍, പിടിച്ചെടുത്ത 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അഭി വിക്രമിന്റെ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്ടോപ്പില്‍ നിന്നുമാണ് തിരിച്ചറിയില്‍ കാര്‍ഡുകളുടെ കോപ്പികള്‍ കണ്ടെത്തിയത്.

പ്രതികള്‍ക്ക് എതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വ്യാജ കാര്‍ഡുകള്‍ പരസ്പരം കൈമാറിയതിനും തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചടുത്ത കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കും.

സൈബര്‍ പോലീസ് അടക്കം എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്. സംഘടനയില്‍ പരാതി ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കും.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് യൂത്ത് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം ചര്‍ച്ചയായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.