നവകേരള ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ പൊരിവെയിലില്‍ സ്‌കൂള്‍ കുട്ടികള്‍; ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി

 നവകേരള ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ പൊരിവെയിലില്‍ സ്‌കൂള്‍ കുട്ടികള്‍; ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി

കണ്ണൂര്‍: നവകേരള ബസിനും മുഖ്യമന്ത്രിക്കും അഭിവാദ്യമര്‍പ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തിയതിനെതിരെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി. തലശേരി ചമ്പാട് എല്‍പി സ്‌കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തി അഭിവാദ്യമര്‍പ്പിച്ചത്.

സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുദ്രാവാക്യം വിളിക്കാന്‍ അധ്യാപകര്‍ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്‌കൂള്‍ കുട്ടികളെ തന്നെ നിര്‍ബന്ധമായും സദസില്‍ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ നിര്‍ദേശമുണ്ടായത്.

താനൂര്‍ ഉപജില്ലയിലെ ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളില്‍ നിന്നായി കുറഞ്ഞത് 100 കുട്ടികളെയും എത്തിക്കണം എന്നുമായിരുന്നു നിര്‍ദേശം.

അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പഠനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് പോകാമെന്ന് മാത്രമാണ് പറഞ്ഞതെന്നാണ് ഡിഇഒയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.