കത്തോലിക്ക കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍'അതിജീവന യാത്ര'; ഡിസംബര്‍ 11 മുതല്‍ 22 വരെ

കത്തോലിക്ക കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍'അതിജീവന യാത്ര'; ഡിസംബര്‍ 11 മുതല്‍ 22 വരെ

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 22 വരെ അതിജീവന യാത്ര സംഘടിപ്പിക്കുന്നു. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ സ്മരണകള്‍ ഉയര്‍ത്തി, സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഡിസംബര്‍ 11 ന് ഇരിട്ടിയില്‍ അതിജീവനയാത്ര ഉദ്ഘാടനം ചെയ്യും.

കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ അഡ്വ. ബിജു പറയന്നിലത്തിനു പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ നിന്നും ആരംഭിച്ച് തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം, കോതമംഗലം, ഇടുക്കി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ, പത്തനംതിട്ട, അമ്പൂരി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പൊതു സമ്മേളനങ്ങളും സംവാദങ്ങളും നടത്തി ഡിസംബര്‍ 22 രാവിലെ 11 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ വമ്പിച്ച ധര്‍ണ്ണയോടെ അതിജീവന യാത്ര സമാപിക്കും.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുംതോട്ടം സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ബിഷപ്പുമാര്‍, സാമൂഹ്യ, രാഷ്ട്രീയ, സമുദായ നേതാക്കള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ അതിജീവന യാത്രയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കും.

കേരളത്തിലെ കാര്‍ഷിക മേഖല വിലത്തകര്‍ച്ചയും വന്യമൃഗ ആക്രമണവും കൃഷി നാശവും മൂലം മുന്‍പ് ഒരിക്കലും ഇല്ലാത്ത വിധം പ്രതിസന്ധിയില്‍ ആയിട്ടും സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.1918 ല്‍ ആരംഭം കുറിച്ച കത്തോലിക്ക കോണ്‍ഗ്രസ് മതസൗഹാര്‍ദ്ദവും സമൂഹത്തിന്റെ പൊതു നന്മയും ലക്ഷ്യംവച്ച് അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നു. വന്യമ്യഗങ്ങള്‍ മനുഷ്യ ജീവനുകള്‍ കവര്‍ന്ന് എടുത്തിട്ടും വലിയ തോതില്‍ ക്യഷി നശിപ്പിച്ചിട്ടും ശാശ്വത പരിഹാരം കാണുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകുന്നില്ല.

കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുമ്പോഴും സംരംഭകരും യുവജനങ്ങളും കേരളം ഉപേക്ഷിച്ച് കൂട്ടത്തോടെ പോകുമ്പോഴും ദീഘ വീക്ഷണത്തോടെ പരിഹാര പദ്ധതികള്‍ രൂപീകരിക്കുവാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതിനും കര്‍ഷക രക്ഷക്കായുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ അതിജീവന യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തില്‍ എട്ട് ലക്ഷം ഏക്കര്‍ ഭൂമിയാണ് വന്യമൃഗശല്യത്താല്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ദിനം പ്രതി വന്യമ്യഗ ങ്ങളാല്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന വാര്‍ത്ത പരിഷ്‌കൃത ലോകത്തിനു തന്നെ അപമാനമായിരിക്കുകയാണ്. കാട്ടുപന്നിയും കുരങ്ങും കാട്ടാനയും കേരളത്തിന്റെ വനത്തിനു താങ്ങാന്‍ പറ്റാത്ത വിധം പെറ്റു പെരുകിയിട്ടും ശാസ്ത്രീയമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വനം വകുപ്പ് കാട്ടുപന്നികളെ ജനവാസ മേഖലയില്‍ തുറന്നു വിടുന്നു. വനാതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ വരെ വന്യമ്യഗങ്ങളുടെ സ്വതന്ത്ര വിഹാര കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

തെരുവുനായ്ക്കള്‍ നാട്ടിലെങ്ങും ഭീകരാന്തരീക്ഷം സ്യഷ്ടിച്ചിട്ടും നോക്കുകുത്തിയായി നില്‍ക്കുന്ന സര്‍ക്കാരിനെയാണ് നമ്മള്‍ കാണുന്നത്. നിയമ നിര്‍മ്മാണങ്ങളിലൂടെയും വന്യമ്യഗങ്ങളെ വനാതിര്‍ത്തിയില്‍ തടയുന്നതിനുള്ള ബ്യഹത് പദ്ധതികളിലൂടെയും ഇത്തരം പ്രതിസന്ധികള്‍ക്ക് സമയ ബന്ധിതമായി പരിഹാരം ഉണ്ടാക്കണം. നെല്ല് സംഭരണത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. 68282 കോടി രൂപ പ്രതി വര്‍ഷ ശമ്പള പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുമ്പോള്‍ അതിന്റെ മൂന്ന് ശതമാനം പോലും ആകാത്ത 1577 കോടി രൂപ മാത്രം മതി നെല്ല് സംഭരണത്തിന്. എന്നിട്ടും പിആര്‍എസ് വായ്പ പദ്ധതി വഴി കര്‍ഷകരെ വീണ്ടും കടക്കാരാക്കുകയാണ്. കര്‍ഷകരുടെ നെല്ലിന് പണം നേരിട്ട് നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
250 രൂപയ്ക്ക് റബ്ബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളിതു വരെ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാത്തത് വീഴ്ചയായി കണ്ട് ഉടന്‍ പരിഹാരമുണ്ടാക്കണം.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും 40 രൂപ വെച്ച് നാളികേരം സംഭരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റബ്ബര്‍, നാളികേരം, നെല്ല്, പൈനാപ്പിള്‍, ഏലം, കുരുമുളക്, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ക്യഷികള്‍ കേരളത്തില്‍ സംരക്ഷിക്കപ്പെടുവാന്‍ അടിയന്തിര തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി സര്‍ക്കാര്‍ നടപ്പിലാക്കണം. കേരളത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമായ ഈ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകന്റെ ശബ്ദമായി കത്തോലിക്ക കോണ്‍ഗ്രസ് അതിജീവന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ഡേവിസ് ഇടക്കളത്തൂര്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ടെസി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ഗ്ലോബല്‍, രൂപത ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്ന 501 അംഗ സമിതി അതിജീവന യാത്രക്ക് നേതൃത്വം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.