ന്യൂഡല്‍ഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വിധിച്ച വധ ശിക്ഷയ്ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. ഹര്‍ജി പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തിയതി നിശ്ചയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍മാരായ നവതേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍.
ഇവരെല്ലാം 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവിക സേനയില്‍ പ്രവര്‍ത്തിച്ചവരും ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്നവരുമാണ്. ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ചാര പ്രവര്‍ത്തനത്തിന് ഇവരെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പലതവണ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളി. ഒരു വര്‍ഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം 26 ന് എട്ട് പേരെയും വധ ശിക്ഷയ്ക്ക് വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.