'ചില പൊലീസുകാരുടെ വിചാരം ആക്ഷന്‍ ഹീറോ ബിജുവാണെന്നാണ്'; നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ച് വി.ഡി സതീശന്‍

'ചില പൊലീസുകാരുടെ വിചാരം ആക്ഷന്‍ ഹീറോ ബിജുവാണെന്നാണ്'; നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: വര്‍ധിച്ച് വരുന്ന പൊലീസ് അതിക്രമത്തില്‍ സഭയില്‍ നടന്ന അടിയന്തര പ്രമേയത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാവപ്പെട്ടവരെ പിടിച്ചുകൊണ്ടുപോയി കരിക്ക് ചുറ്റി അടിക്കുന്ന പൊലീസുകാരെ ന്യായീകരിക്കുകയാണ് ഭരണപക്ഷമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ചില പൊലീസുകാരുടെ വിചാരം സിനിമയിലെ ആക്ഷന്‍ ഹീറോ ബിജുവാണെന്നാണ്. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കരണക്കുറ്റി അടിച്ച് പൊട്ടിച്ച പൊലീസിനെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നത്. എന്ന് മുതലാണ് കരിക്കും പെപ്പര്‍ സ്പ്രേയും പൊലീസിന്റെ ആയുധമായി അംഗീകരിച്ചതെന്നും സതീശന്‍ ചോദിച്ചു. അന്തിക്കാട്ടെ പൊലീസ് മര്‍ദനം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദേഹം.

സിസിടിവി ഫൂട്ടേജ് പുറത്ത് വന്നത് കൊണ്ട് മാത്രമാണ് ഇത്രയും വലിയ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. എത്ര പരാതികളും കേസുകളുമാണ് ഇതിന് പിന്നാലെ വന്നത്. കണ്ട് കഴിഞ്ഞാല്‍ ചങ്ക് പറിഞ്ഞ് പോവുന്ന ദൃശ്യങ്ങളാണ് വീഡിയോകളില്‍ ഉള്ളത്. തിരുവനന്തപുരത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച ദളിത് സ്ത്രീയോട് കക്കൂസില്‍ പോയി വെള്ളമെടുത്ത് കുടിക്കാന്‍ പറഞ്ഞ പൊലീസിനെയല്ലെ നിങ്ങള്‍ ന്യായീകരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. ഇത് സി.സി.ടി.വി ദൃശ്യത്തില്‍ കാണുന്ന കാര്യം മാത്രമാണ്. അല്ലാത്തതും പുറത്തുവരാത്തതും ഇനി എത്രയുണ്ടാവുമെന്നും സതീശന്‍ ചോദിച്ചു.

കാന്‍സര്‍ രോഗിയെവരെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചവരാണ് നിങ്ങളുടെ പൊലീസുകാര്‍. അപ്പോള്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് ഉറപ്പല്ലേ. അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമല്ലേ അതെന്നും സതീശന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് പലവട്ടം തടസപ്പെടുത്താന്‍ ഭരണപക്ഷം ശ്രമിച്ചെങ്കിലും തന്റെ സംസാരം തടസപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയും ഇവിടെ സംസാരിക്കില്ലെന്ന് സതീശന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊണ്ടുപോയി മദ്യം വാങ്ങിച്ചുകൊടുത്തു.

ക്രമിനലുകളെയും കൊലപാതകികളേയും സംരക്ഷിക്കുന്ന പൊലീസുകാര്‍ പാവപ്പെട്ടവരെ തല്ലി ചതയ്ക്കുകയാണ്. നിരവധി ആളുകളാണ് ഇപ്പോള്‍ സി.സി.ടി.വി ദൃശ്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐക്കാരനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലിക്കൊന്ന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിട്ടില്ലേ. എന്നിട്ട് നടപടിയെടുത്തോ? ഈ ആഭ്യന്തര വകുപ്പാണോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി കൊടുത്താല്‍ നടപടിയെടുക്കുക എന്നും വി.ഡി സതീശന്‍ ചോദിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.