തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്പോട്ടുകള്‍ കൈമാറുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണം.
ജില്ലകളിലെ ഹോട്ട് സ്പോട്ട് മാപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുന്നതിനൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കണം.
എലിപ്പനിയ്ക്കെതിരെയും അതീവ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കൂടാതെ നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മുന്നറിയിപ്പ് നല്‍കി.
എല്ലാ ജില്ലകളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.