കേന്ദ്ര വിഹിതം പറ്റി കേരളം പദ്ധതികളുടെ പേര് മാറ്റി അവതരിപ്പിക്കുന്നു: നിര്‍മല സീതാരാമന്‍

 കേന്ദ്ര വിഹിതം പറ്റി കേരളം പദ്ധതികളുടെ പേര് മാറ്റി അവതരിപ്പിക്കുന്നു: നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനകാര്യ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ടെന്നും കേരളത്തിന് അത് ലഭിച്ചിട്ടില്ലെങ്കില്‍ അത് നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങലില്‍ വായ്പാ വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി കേന്ദ്രം വീര്‍പ്പുമുട്ടിക്കുന്നുവെന്ന നിരന്തരമുള്ള ആരോപണത്തിനുള്ള മറുപടിയാണ് നിര്‍മല സീതാരാമന്‍ നല്‍കിയത്. കേന്ദ്ര ഗ്രാന്റ് കൈമാറുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തി സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ മറുപടി.

അതോടൊപ്പം തന്നെ സംസ്ഥാനത്തെ നെല്ല് സംഭരണത്തിലും കര്‍ഷക ആത്മഹത്യയിലും സംസ്ഥാന സര്‍ക്കാരിനെ അവര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചാല്‍ അവര്‍ക്ക് അക്കൗണ്ട് വഴി പണം നല്‍കണം, കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ലെന്ന വാദവും പ്രചാരണവും സംസ്ഥാനത്ത് നടക്കുന്നുവെന്നും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

വിധവ, വാര്‍ധക്യ പെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള കേന്ദ്ര വിഹിതം അപേക്ഷകള്‍ക്ക് അനുസരിച്ച് ഒക്ടോബര്‍ മാസം വരെയുള്ളതും നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കൈപ്പറ്റിയ ശേഷം കേരളം പദ്ധതികളുടെ തന്നെ പേര് മാറ്റുന്നുവെന്ന ആക്ഷേപവും മന്ത്രി ഉന്നയിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് എ.ജി മുഖേന കൃത്യമായ കണക്കുകള്‍ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.