സാറയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; അതുലിന്റെയും ആല്‍ബിന്റെയും സംസ്‌കാരം നടത്തി

സാറയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; അതുലിന്റെയും ആല്‍ബിന്റെയും സംസ്‌കാരം നടത്തി

കോഴിക്കോട്/കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തില്‍ മരിച്ച സാറ തോമസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അന്തിമോപചാരമര്‍പ്പിച്ചു.

സാറയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച താമരശേരി കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരമര്‍പ്പിച്ചത്. ജില്ലയില്‍ നവകേരള സദസ്് പരിപാടികള്‍ക്കിടെയാണ് മന്ത്രിമാരെത്തിയത്.

മന്ത്രിമാരായ വീണാ ജോര്‍ജ്, ചിഞ്ചുറാണി, സജി ചെറിയാന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍, വി. അബ്ദുറഹ്മാന്‍, വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നവകേരള സദസിന്റെ ബസിലായിരുന്നു മന്ത്രിമാര്‍ എത്തിയത്.

സാറയുടെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ദുരന്തത്തില്‍ മരിച്ച കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം. തമ്പിയുടെ മകന്‍ അതുല്‍ തമ്പിയുടെ മൃതദേഹം സംസ്‌കരിച്ചു.

കൂത്താട്ടുകുളത്തെ കുടുംബ കല്ലറയിലാണ് മൃതദേഹം അടക്കിയത്. പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ സംസ്‌കാരച്ചടങ്ങുകള്‍ വൈകുന്നേരത്തോടെ നടന്നു.

മൈലമ്പിള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. മരിച്ച നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഇറ്റലിയിലുള്ള അമ്മ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.