സഹായവും സാന്നിദ്ധ്യവും ആവശ്യമുള്ളവരെ അവഗണിക്കാതെ അവരോട് കരുണ കാണിക്കുന്നവരാണ് അനുഗ്രഹീതരെന്ന് വിളിക്കപ്പെടുക: ഫ്രാൻസിസ് മാർപാപ്പ

സഹായവും സാന്നിദ്ധ്യവും ആവശ്യമുള്ളവരെ അവഗണിക്കാതെ അവരോട് കരുണ കാണിക്കുന്നവരാണ് അനുഗ്രഹീതരെന്ന് വിളിക്കപ്പെടുക: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: കരുണയും സഹാനുഭൂതിയും ആർദ്രതയും കാണിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഈ മാനദണ്ഡങ്ങളാലാണ് നാം വിധിക്കപ്പെടുകയെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നമ്മുടെ സഹായവും സാന്നിദ്ധ്യവും ആവശ്യമുള്ള ആളുകളെ അവഗണിക്കാതെ അവരോട് സ്നേഹപൂർവ്വമായ കരുണ കാണിക്കുന്നവരാണ് 'അനുഗ്രഹീതർ' എന്നു വിളിക്കപ്പെടുക - പാപ്പ പറഞ്ഞു.

ക്രിസ്തുവിന്റെ രാജത്വ തിരുനാൾദിനമായ, ആരാധനാ വത്സരത്തിലെ അവസാന ഞായറാഴ്ച, ത്രികാലജപ പ്രാർത്ഥനയ്ക്കൊരുക്കമായി സുവിശേഷ വിചിന്തനങ്ങൾ നൽകുകയായിരുന്നു പാപ്പാ. ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളും നേരിയ പനിയും ഉള്ളതിനാൽ, പതിവിനു വിരുദ്ധമായി, സാന്ത മാർത്തയിലെ തന്റെ വസതിയിൽ നിന്നാണ് പരിശുദ്ധ പിതാവ് മധ്യാഹ്ന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് കാര്യാലയത്തിന്റെ മേധാവി, മോൺ. പൗലോ ബ്രയിദ മാർപാപ്പയുടെ സന്ദേശം വായിച്ചു. വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടിയിരുന്ന തീർത്ഥാടകരും സന്ദർശകരും അവിടെ ഒരുക്കിയിരുന്ന വലിയ വീഡിയോ സ്ക്രീനുകൾ വഴിയാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്.

രാജാവായ ക്രിസ്തു

ആരാധനാവത്സരത്തിലെ അവസാന ഞായറാഴ്ച, സർവ്വലോകത്തിന്റെയും രാജാവും നമ്മുടെ കർത്താവുമായ യേശു ക്രിസ്തുവിന്റെ തിരുനാൾ സാഘോഷം കൊണ്ടാടുന്ന കാര്യം പാപ്പ അനുസ്മരിച്ചു. സ്നേഹത്തോടും കരുണയോടും കൂടെ മറ്റുള്ളവരോടു നാം കാണിക്കുന്ന കരുതലിന്റെ അടിസ്ഥാനത്തിലായിരിക്കും നാം വിധിക്കപ്പെടുകയെന്ന് അന്ത്യവിധിയെക്കുറിച്ചുള്ള സുവിശേഷ ഭാഗം (മത്തായി 25:31-46) വ്യാഖ്യാനിച്ചുകൊണ്ട് പാപ്പ ഉദ്ബോധിപ്പിച്ചു.

യേശു ഒരു സിംഹാസനത്തിൽ ഉപവിഷ്ടനാകുന്നതും അവിടുത്തെ മുമ്പിൽ ഭൂമിയിലെ സകല ജനപദങ്ങളും ഒരുമിച്ചുകൂട്ടപ്പെടുന്നതുമായി, സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന രംഗം മാർപാപ്പ അനുസ്മരിച്ചു. 'അനുഗ്രഹിക്കപ്പെട്ടവർ' എന്ന് അവിടുന്ന് വിളിക്കുന്നവർ അവിടുത്തെ സൃഹൃത്തുക്കളായി കാണപ്പെടുന്നു. വിശക്കുന്നവർക്ക് ആഹാരം നൽകിയവരും രോഗികളെയും ആവശ്യക്കാരെയും പരിചരിച്ചവരും തടവുകാരെ കാരാഗൃഹത്തിൽ സന്ദർശിച്ചവരുമാണ് അവർ.

എന്നാൽ, ലൗകിക മാനദണ്ഡം ഇതിനു കടകവിരുദ്ധമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി, രാജാക്കന്മാരുടെ അധികാരം, സമ്പത്ത്, പ്രശസ്തി എന്നിവയെ വാഴ്ത്തിപ്പാടുന്നവരാണ് ലോകത്തിന്റെ മാനദണ്ഡമനുസരിച്ച് ബഹുമാനിതരാകുന്നത് - പാപ്പ അഭിപ്രായപ്പെട്ടു.

യേശുവിന്റെ മാനദണ്ഡം

ദുർബലരെയും നമ്മുടെ സഹായം ആവശ്യമുള്ളവരെയും സഹായിക്കുന്നതാണ് യേശുവിന്റെ മാനദണ്ഡമനുസരിച്ച് പ്രധാനപ്പെട്ട കാര്യം. കാരണം, അവിടുന്ന് തികച്ചും വ്യത്യസ്തനായ ഒരു രാജാവാണ്. ദരിദ്രരെയാണ് അവിടുന്ന് 'സഹോദരർ' എന്ന അഭിസംബോധന ചെയ്യുന്നത്. വിശപ്പും ദാഹവും അനുഭവിക്കുന്നവരോടും പരദേശികളോടും രോഗികളോടും തടവുകാരോടുമാണ് അവിടുന്ന് തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നത്.

നമ്മുടെ കർത്താവും രാജാവുമായ അവിടുന്ന്, അനാഥർ, വിശക്കുന്നവർ, രോഗികൾ, തടവുകാർ എന്നിവരെക്കുറിച്ച് എപ്പോഴും കരുതലുള്ളവനാണ്. ഈ യാഥാർത്ഥ്യങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നവയാണെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. തെരുവുകളിൽ കഴിഞ്ഞുകൂടുന്ന അസംഖ്യം ദരിദ്രരെയും രോഗികളെയും ജയിലുകളിൽ കഴിയാൻ വിധിക്കപ്പെട്ട്, തങ്ങളുടെ തെറ്റുകളുടെ അനന്തരഫലം അനുഭവിക്കുന്നവരെയും അവിടുന്ന് ഓർക്കുന്നു.

കരുണയും അനുകമ്പയും

നമ്മുടെ സഹായവും സാന്നിദ്ധ്യവും ആവശ്യമുള്ള ആളുകളെ അവഗണിക്കുകയോ അകറ്റിനിർത്തുകയോ ചെയ്യാതെ, ഭക്ഷണപാനീയങ്ങൾ, വസ്ത്രം, പാർപ്പിടം എന്നിവ നൽകി സഹായിച്ചും അവരോടൊപ്പമായിരുന്നും സ്നേഹപൂർവ്വമായ കരുണ കാണിക്കുന്നവരാണ് 'അനുഗ്രഹീതർ' എന്ന് വിളിക്കപ്പെടുക. അവരാണ് രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടുന്നത്. കാരണം, അനുകമ്പ, കരുണ, ആർദ്രത എന്നിവയാൽ അവർ തങ്ങളെത്തന്നെ വ്യത്യസ്തരാക്കുന്നു.

മനുഷ്യപുത്രൻ എന്ന നാമത്തിൽ സ്വയം വിളിച്ചവനായ നമ്മുടെ രാജാവായ യേശു, ഏറ്റവും ദുർബലരായ സ്ത്രീപുരുഷന്മാരിലാണ് തനിക്കേറ്റം പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ കണ്ടെത്തിയത്. സഹിക്കുന്നവരും സഹായമർഹിക്കുന്നവരും ഉള്ളിടത്താണ്, അവൻ തന്റെ രാജകീയ സദസ്സ് സമ്മേളിക്കുന്നത് - പാപ്പ പറഞ്ഞു. കാരുണ്യം, സ്നേഹം, പരസ്നേഹ പ്രവർത്തികൾ എന്നീ പുണ്യങ്ങളിൽ നമ്മുടെ ജീവിതം എത്രമാത്രം കേന്ദ്രീകൃതമാണെന്ന് ഓരോരുത്തരും പരിശോധിച്ചു കണ്ടുപിടിക്കണമെന്ന് പരിശുദ്ധ പിതാവ് നിർദ്ദേശിച്ചു.

വിശ്വാസികളെന്ന നിലയിൽ ഇവ നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. നമ്മുടെ ജീവിതപാതകളിൽ കണ്ടുമുട്ടുന്ന സഹിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങളിൽ വ്യക്തിപരമായി നാം ഇടപെടുമെങ്കിൽ, 'രാജാവിൻറെ സുഹൃത്തുക്കൾ' എന്ന് നാമും വിളിക്കപ്പെടും - പാപ്പാ കൂട്ടിച്ചേർത്തു. സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകാമറിയം, നമ്മുടെ എളിയ സഹോദരരിൽ രാജാവായ യേശുവിനെ കണ്ട് സ്നേഹിക്കാൻ നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപ്പാപ്പയുടെ ഞായറാഴ്ചദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.