'ഏത് സമയവും ഡോക്ടര്‍മാരുടെ സേവനം, ആശ്വാസിപ്പിക്കാന്‍ കുടുംബവും': പുരോഗമിക്കുന്നത് മാനസിക സംരക്ഷണം പരിഗണിച്ചുകൊണ്ടുള്ള രക്ഷാ ദൗത്യം

'ഏത് സമയവും ഡോക്ടര്‍മാരുടെ സേവനം, ആശ്വാസിപ്പിക്കാന്‍ കുടുംബവും': പുരോഗമിക്കുന്നത് മാനസിക സംരക്ഷണം പരിഗണിച്ചുകൊണ്ടുള്ള രക്ഷാ ദൗത്യം

ഉത്തരകാശി: തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന ഭാഗത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്ക് രണ്ട് കിലോ മീറ്റര്‍ ദൂരത്തായാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ശാരീരിക-ആരോഗ്യ സംരക്ഷണത്തിന് ഒപ്പം മാനസിക സംരക്ഷണത്തിനും സൗകര്യം ഒരുക്കിയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

തൊഴിലാളികളുമായി രക്ഷാ പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കും ആശയ വിനിമയം നടത്താനായി തുരങ്കത്തില്‍ സ്ഥാപിച്ച പൈപ്പിനിടയിലായി മൈക്ക് ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരുടെ സംഘം 24 മണിക്കൂറും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ 10 ഡോക്ടര്‍മാരുടെ സംഘം ഉത്തരകാശിയില്‍ തുടരുമെന്ന് ക്യാമ്പിലെ മെഡിക്കല്‍ ടീമിന്റെ നോഡല്‍ ഓഫീസറായ ഡോ. ബിംലേഷ് ജോഷി പറഞ്ഞു.

മാനസികരോഗ വിദഗ്ദരും ഡോക്ടര്‍മാരും അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ആവശ്യമുള്ളപ്പോള്‍ അവരെ കൗണ്‍സിലിങ് ചെയ്യുകയും ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനസിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും കൃത്യമായി നല്‍കുന്നുണ്ടെന്നും സിനിമകള്‍ക്കും വിനോദങ്ങള്‍ക്കുമായി മൊബൈല്‍ ഫോണുകള്‍ നല്‍കുന്നുണ്ടെന്നും ദൗത്യ സംഘം അറിയിച്ചു. രക്ഷാപ്രവര്‍ത്തന സ്ഥലത്തുള്ള ഡോക്ടര്‍മാരുടെ സംഘം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ദിവസത്തില്‍ രണ്ട് തവണ സംസാരിക്കുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ 11 വരെയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ടുവരെയുമാണ് ആശയവിനിമയത്തിനായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.

കൂടാതെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏത് സമയവും അവരുമായി സംസാരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുടുംബാഗങ്ങളെ പാര്‍പ്പിക്കാനായി തുരങ്കത്തിന് പുറത്ത് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നവംബര്‍ 12 നാണ് തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്ന് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. ആഗര്‍ മെഷീന്‍ കൊണ്ടുവന്ന് ഹൊറിസോണ്ടല്‍ ഡ്രില്ലിങ് വഴി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തിയപ്പോള്‍ മെഷീന് സംഭവിച്ച സാങ്കേതിക തകരാറുകള്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയായിരുന്നു.

തുരങ്കത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ട വിള്ളല്‍ കാരണം ഹൊറിസോണ്ടല്‍ ഡ്രില്ലിങ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് വെര്‍ട്ടിക്കല്‍ ഡ്രില്ലിങിനാവശ്യമായ യന്ത്രം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയായിരുന്നു. പുതിയ വെല്ലുവിളികള്‍ മുന്‍കൂട്ടിക്കണ്ട് ഒന്നിലധികം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സേന ഇപ്പോള്‍ ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.