പട്ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശങ്ക ഉയര്‍ത്തി തോക്ക് മരണങ്ങള്‍. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നാല് പേരാണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് തുടര്‍ച്ചയായി പലയിടങ്ങളിലായി ആളുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതോടെ അനധികൃത തോക്ക് ഉപയോഗത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.
അഭിഭാഷകനായ ജിതേന്ദ്രകുമാര്‍ മഹ്തൊ (58) ആണ് വെടിയേറ്റ് കൊല്ലപ്പെട്ട അവസാനത്തെ ആള്‍. പട്നയിലെ സുല്‍ത്താന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്നും വെറും 300 മീറ്റര്‍ അകലെയായിരുന്നു വെടിവെപ്പ് നടന്നത്. ബിഹാറില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ വെടിവെപ്പ് കേന്ദ്രമാണിത്. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് ഉന്നയിക്കപ്പെടുന്നത്.
ചായകുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് അജ്ഞാതരായ അക്രമികള്‍ ജിതേന്ദ്രകുമാറിന് നേരെ വെടിയുതിര്‍ത്തത്. തൊട്ടടുത്ത് നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്നും മൂന്ന് ഒഴിഞ്ഞ തിരകള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
അഭിഭാഷകനായിരുന്ന ജിതേന്ദ്രകുമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേസുകളൊന്നും എടുത്തിരുന്നില്ല. എല്ലാ ദിവസത്തേയും പോലെ ചായ കുടിക്കാനാണ് അദേഹം കടയിലേക്ക് പോയതെന്നും അത് അദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നുവെന്നും ജിതേന്ദ്രകുമാറിന്റെ കുടുംബം പറയുന്നു. ചായകുടിച്ച് തിരിച്ചുവരുന്ന വഴിക്കാണ് വെടിയേറ്റത്.
വ്യവസായിയായ പുട്ടു ഖാന്‍, മൃഗഡോക്ടറും ബിജെപി നേതാവുമായിരുന്ന സുരേന്ദ്രകുമാര്‍, പലചരക്കുകട ഉടമ വിക്രം ഝാ എന്നിവരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിലെ വിവിധ സ്ഥലങ്ങളിലായി വെടിയേറ്റ് കൊല്ലപ്പെട്ടത്.
സീതാമര്‍ഹി ജില്ലയിലെ തിരക്കുള്ള ചന്തയായ മെഹ്സോള്‍ ചൗക്കില്‍വെച്ചാണ് പുട്ടു ഖാന്‍ അജ്ഞാതരാല്‍ തലയ്ക്ക് വെടിയേറ്റ് മരിച്ചത്. പട്ടാപ്പകല്‍ നടന്ന ഇത്തരമൊരു കൊലപാതകം സ്ഥലത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
മണിക്കൂറുകള്‍ക്ക് ശേഷം, പട്നയിലെ ഷെയ്ഖ്പുരയില്‍ തന്റെ കൃഷിയിടത്തില്‍വെച്ചാണ് ഡോക്ടര്‍ സുരേന്ദ്രകുമാര്‍ (50) വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ഒരാളാണ് സുരേന്ദ്രകുമാറിന് നേരെ നിറയൊഴിച്ചത്. എന്നാല്‍ സംഭവത്തിന്റെ ദൃക്സാക്ഷികളാരും തന്നെ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല. കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകനായ സുരേന്ദ്രകുമാര്‍ സ്ഥലത്തെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ രാഷ്ട്രീയ ഇടപെടല്‍ തള്ളിക്കളയാനാവില്ല എന്ന നിഗമനത്തിലാണ് പൊലീസ്.
പട്നയിലെ രാമകൃഷ്ണ നഗര്‍ ഏരിയയിലാണ് മൂന്നാമത്തെ വെടിവെപ്പ് നടന്നത്. പലചരക്കുകട ഉടമ വിക്രം ഝായാണ് വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.