ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. അമേരിക്ക, ഖത്തര്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം.
രണ്ട് ദിവസത്തിനിടെ 20 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം 60 പാലസ്തീനിയന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കും. ഗാസയില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കാനുള്ള സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടിയത്.
വെടിനിര്‍ത്തല്‍ നീട്ടാനുള്ള തീരുമാനത്തെ 'യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം' എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരടക്കം 60 പേരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
ഇതിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തല്‍ ധാരണ പ്രകാരം മൂന്നാം ദിവസം നാല് വയസുള്ള അമേരിക്കന്‍ ബാലിക അബി ഗെയ്ല്‍ എഡാന്‍ അടക്കം 17 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
വെടിനിര്‍ത്തല്‍ നാല് ദിവസം കൂടി നീട്ടണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാല്‍ 10 ബന്ദികളുടെ മോചനത്തിന് ഒരു ദിവസം എന്ന ക്രമത്തില്‍ വെടിനിര്‍ുത്തല്‍ നീട്ടാമെന്ന മുന്‍ നിലപാടില്‍ ഇസ്രയേല്‍ ഉറച്ചു നിന്നു.
മോചിപ്പിക്കുന്ന ഇസ്രയേലി ബന്ദികളുടെ എണ്ണത്തിന്റെ മൂന്നിരട്ടി പാലസ്തീനിയന്‍ തടവുകാരെ ജയില്‍ മോചിതരാക്കാന്‍ തയാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ ഉടന്‍ ഗാസയില്‍ പോരാട്ടം തുടങ്ങുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം ഏദന്‍ ഉള്‍ക്കടലില്‍ തങ്ങളുടെ കപ്പലില്‍ നിന്ന് 18.5 കിലോമീറ്റര്‍ അകലെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചെന്നും ഇവ യെമനിലെ ഹൂതി മേഖലയില്‍ നിന്ന് വിക്ഷേപിച്ചതാണെന്നും അമേരിക്കന്‍ സൈന്യം അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ല.
അതിനിടെ ടെസ്ല, സ്‌പേസ് എക്‌സ് സ്ഥാപകനും എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക് ഇന്നലെ ഇസ്രയേലിലെത്തി. ഗാസയില്‍ സ്‌പേസ് എക്‌സ് സ്റ്റാര്‍ലിങ്കിന്റെ ആശയവിനിമയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇസ്രയേലുമായി മസ്‌ക് തത്വത്തില്‍ ധാരണയിലെത്തിയെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.