അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ ന്യായവില കൂട്ടാന്‍ ശുപാര്‍ശ; നടപ്പായാല്‍ രജിസ്‌ട്രേഷന്‍ ചിലവുകള്‍ വര്‍ധിക്കും

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ ന്യായവില കൂട്ടാന്‍ ശുപാര്‍ശ; നടപ്പായാല്‍ രജിസ്‌ട്രേഷന്‍ ചിലവുകള്‍ വര്‍ധിക്കും

തിരുവനന്തപുരം: അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഭൂമിയുടെ ന്യായവില പുതുക്കാന്‍ ശുപാര്‍ശ. വില നിര്‍ണയത്തിന് ജില്ലാ തലത്തില്‍ കമ്മിറ്റി രൂപവല്‍കരിക്കാനും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ഭൂമിയുടെ ന്യായവില 2010 ല്‍ പുതുക്കിയ ശേഷം പിന്നീട് പുതുക്കിയിട്ടില്ല. ആറ് തവണ നിലവിലുള്ള വിലയുടെ നിശ്ചിത ശതമാനം വര്‍ധിപ്പിക്കുകയായിരുന്നു. ഇത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാലാണ് ന്യായവില പുതുക്കാന്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗം ശുപാര്‍ശ ചെയ്തത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ മുദ്രപ്പത്ര ഇനത്തിലും മറ്റുമായി ഭൂമിയിടപാടിന് ചിലവേറും.

റീസര്‍വേ സബ്ഡിവിഷന്‍ നമ്പറുകളിലെ നിലവിലുള്ള 15 തരം ഭൂമിക്കും വില നിശ്ചയിക്കണം. പുതിയ പദ്ധതികളും റോഡുകളുമൊക്കെ വരുമ്പോഴും ഭൂമിയുടെ വിലയിലുണ്ടാകുന്ന വര്‍ധന കണ്ടെത്താന്‍ കമ്മിറ്റി വേണം.

2010 നുശേഷം പുതിയ പഞ്ചായത്ത്-പൊതുമരാമത്ത് റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വന്നിട്ടുണ്ട്. ഇവയോടു ചേര്‍ന്ന സ്ഥലങ്ങളില്‍ ഭൂമിവില കൂടുകയും ചെയ്തു. ഇത് ന്യായവിലയില്‍ പ്രതിഫലിക്കുന്നില്ല.

ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒരു ദിവസം രജിസ്ട്രേഷന്‍ 25 എണ്ണമായി നിജപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഒരു ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ എല്ലാ രജിസ്ട്രാര്‍മാര്‍ക്കും പരിശോധിക്കാന്‍ വകുപ്പിന്റെ പേള്‍ സോഫ്റ്റ്വേറില്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

സ്വന്തമായി ആധാരം തയ്യാറാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും 2023 ല്‍ ഇതുവരെ അപ്രകാരം ചെയ്തവര്‍ 1313 പേര്‍ മാത്രമാണ്. കുറവ് പരിഹരിക്കാന്‍ ന്യായവില, മുദ്രവില, ഫീസ്, രജിസ്ട്രേഷന്റെ സാംപിളുകള്‍ എന്നിവ ടെംപ്ലേറ്റ് രൂപത്തില്‍ വെബ്സൈറ്റില്‍ നല്‍കണം. ഇതോടെ ഫയലിങ് ഷീറ്റ് സംവിധാനം ഒഴിവാക്കാം.

ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ പേള്‍ വഴി ഓണ്‍ലൈനില്‍ സ്വീകരിക്കണം. കേരളത്തിലെ മുഴുവന്‍ ആധാരമെഴുത്ത് ലൈസന്‍സികളുടെയും ഡേറ്റ ബേസ് തയ്യാറാക്കണം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വിവാഹ സര്‍ട്ടിഫിക്കറ്റില്‍ വധൂവരന്മാരുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തണം.

വസ്തുവിന് അറ്റാച്ച്മെന്റുകള്‍ ഉണ്ടോ മറ്റ് അവകാശികള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാല്‍ സോഫ്റ്റവേറില്‍ മാറ്റംവരുത്തണം. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ വിവരങ്ങള്‍ ഇന്‍കംടാക്‌സ് വകുപ്പിന് ലഭ്യമാകുന്ന വിധം വകുപ്പിന്റെ സോഫ്റ്റ്വേറില്‍ മാറ്റം വരുത്തണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.